തൊഴിലിടങ്ങളിലെ മാനസികാരോഗ്യം എന്ന പ്രമേയത്തോടെയായിരുന്നു 2024 ഒക്ടോബർ പത്തിലെ മാനസികാരോഗ്യ ദിനം ലോകാരോഗ്യ സംഘടന ആചരിച്ചത്. നിർഭാഗ്യവശാൽ ആ വർഷം തന്നെയാണ് നാളെയുടെ ഒരു വലിയ മുതൽക്കൂട്ടാകാമായിരുന്ന അന്ന സെബാസ്റ്റ്യൻ എന്ന മിടുക്കി ചാർട്ടേർഡ് അക്കൗണ്ടന്റ് പെൺകുട്ടിയുടെ ജീവൻ തൊഴിലിടത്തിലെ സമ്മർദ്ദത്തിൽ പൊലിഞ്ഞതും. പുറംലോകത്ത് വലിയ വാർത്തയായ ഈ മരണം തൊഴിലാളികൾ അനുഭവിക്കുന്ന മാനസിക സംഘർഷത്തെ കുറിച്ച് വലിയ ചർച്ചകൾക്ക് തന്നെ വഴി വെച്ചിരുന്നു. എന്നാൽ അന്നയ്ക്ക് മുമ്പും ഒപ്പവും ശേഷവും ജോലിസ്ഥലത്ത് മരിച്ച് ജീവിച്ചും, ജീവിച്ച് മരിച്ചും അതിജീവിക്കുന്ന നിരവധി ജീവനുകൾ പുറംലോകം അറിയാതെ കടന്നുപോയിട്ടുണ്ട്. ഇപ്പോഴും അത് സംഭവിക്കുന്നുണ്ട്
വ്യക്തികളുടെ തൊഴിലിടവും മാനസികാരോഗ്യവും പരസ്പരം ഇഴ ചേർന്നു കിടക്കുന്ന ഒരു വിഷയമാണ്. ദിവസവും നമ്മള് കുടുംബത്തോടൊപ്പമുള്ളതിനേക്കാള് കൂടുതല്‍ സമയം ചിലവഴിക്കുന്നത് തൊഴിലിടത്തിലാണ്. അതുകൊണ്ടുതന്നെ തൊഴിലിടത്തിലെ പ്രകടനം മെച്ചപ്പെടുത്താന്‍ നല്ല മാനസികാരോഗ്യം കൂടിയേ തീരൂ. എന്നാല്‍ പലപ്പോഴും തൊഴിലിടത്തിലെ സമ്മര്‍ദങ്ങള്‍ പലരെയും മാനസിക സംഘര്‍ഷത്തിലേക്ക് നയിക്കാറുണ്ട്. അത്തരം മനോസംഘര്ഷങ്ങള് മിക്കപ്പോഴും വ്യക്തിജീവിതത്തെ വരെ ബാധിക്കാറുമുണ്ട്. തൊഴിലിടത്തില്‍ ഒരു വ്യക്തി അനുഭവിക്കുന്ന ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ ബുദ്ധിമുട്ടുകളെയാണ് ജോലിസ്ഥലത്തെ സമ്മര്‍ദം എന്നത് കൊണ്ടുദ്ദേശിക്കുന്നത്.
അമിതമായ ജോലിഭാരം, ജോലിയിലെ അംഗീകാരമില്ലായ്മ, അസമത്വം, മോശം വ്യക്തി ബന്ധങ്ങള്‍, മോശം തൊഴില്‍ സാഹചര്യങ്ങള്‍, മോശം നേതൃത്വം, ജോലി സ്ഥലത്തെ നിയന്ത്രണത്തിന്റെ അഭാവം, സമയപരിധി, കുറഞ്ഞ ശമ്പളം, അവസരങ്ങളുടെ അഭാവം, സമയ ദൈര്‍ഘ്യം തുടങ്ങിയവയെല്ലാം തൊഴിലിടത്തിലെ മാനസിക സംഘര്‍ഷത്തിന് കാരണമാകാം. തൊഴില്‍ സമ്മര്‍ദം ഒരാളുടെ കാര്യക്ഷമതയെ ബാധിച്ചേക്കാവുന്ന ഒന്നാണ്. അതു കൊണ്ടു തന്നെ ജോലി സ്ഥലത്തെ സമ്മര്‍ദം തിരിച്ചറിയേണ്ടതും പ്രതിരോധിക്കേണ്ടതും പ്രധാനമാണ്. അതിനു സഹായിക്കുന്ന കുറച്ച് ടിപ്സുകൾ നോക്കാം.
വേണം പ്ലാനിങ്
ഓരോ ദിവസത്തിന്റെയും തുടക്കത്തിൽ ഒരു പ്ലാൻ ഉണ്ടായിരിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. നിങ്ങളുടെ ജോലി ആരംഭിക്കുന്നതിന് മുമ്പ് നിർവഹിക്കേണ്ടതും ചെയ്തു തീർക്കേണ്ടതുമായ കാര്യങ്ങളെക്കുറിച്ചും വ്യക്തമായ ആശയം ഉണ്ടായിരിക്കണം. ഇത് നിങ്ങളുടെ ജോലിയെ കൂടുതൽ എളുപ്പത്തിലാക്കാനും ആയാസരഹിതമായ് ചെയ്തു തീർക്കാനും സഹായിക്കുന്നു.
മേലധികാരികളുമായും സഹപ്രവർത്തകരുമായും കൃത്യമായ അകലം പാലിക്കുക
ജോലിയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് ജോലി സ്ഥാപനത്തിലെ അടുത്ത സഹപ്രവർത്തകരാണ്. ഇവർ ഒരേസമയം ഉപകാരികളോ അല്ലെങ്കിൽ ഉപദ്രവകാരികളോ ആയി മാറാറുണ്ട്. ജോലിപരമായി മാത്രം നോക്കുമ്പോൾ ഇത് പലപ്പോഴും നല്ലതോ ചീത്തയോ ആകാം. എങ്കിലും എല്ലാ സഹപ്രവർത്തകരുമായി ആവശ്യമായ അകലം നിലനിർത്തേണ്ടത് എല്ലായ്പ്പോഴും ആവശ്യമായ ഒന്നാണ്.
സംശയങ്ങൾ ചോദ്യങ്ങൾ കൊണ്ട് നേരിടാം
നിങ്ങൾ ജോലി സ്ഥാപനത്തിൽ ഒരു പുതിയ ജീവനക്കാരനാണെങ്കിൽ, സംശയമുള്ളപ്പോൾ എല്ലാം ചോദ്യങ്ങൾ ചോദിക്കുന്നത് കമ്പനിയെക്കുറിച്ചുള്ള നിങ്ങളുടെ ഉൾക്കാഴ്ചയെ മികച്ചതാക്കാൻ സഹായിക്കുമെന്ന് ആദ്യമേ അറിഞ്ഞിരിക്കണം. വളരെയധികം ചോദ്യങ്ങൾ ചോദിക്കുന്നതിൽ ലജ്ജയോ മടിയോ ഒന്നും തോന്നേണ്ടതിന്റെ ആവശ്യകത ഇല്ല. “അവരോട് ചോദിക്കണോ? ചോദിച്ചാൽ അവർ എന്തു വിചാരിക്കും?” എന്നൊക്കെയുള്ള ചിന്തകൾ നിങ്ങളിൽ പരിഭ്രാന്തി പരത്തും. ഇത് ഒരുപക്ഷേ പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ കാരണമായേക്കാം. അതിനാൽ സംശയങ്ങൾ ഉണ്ടാകുമ്പോൾ സ്വയം തീരുമാനം എടുക്കുന്നതിനു പകരം നിങ്ങളുടെ ചോദ്യങ്ങൾ തുറന്ന് ചോദിക്കുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക
എടുക്കാം ഇടവേള
സ്വയം വിശ്രമിക്കാനും ജോലി സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം കണ്ടെത്താനും ഇടയ്ക്കൊക്കെ ഒരു അവധി എടുക്കുന്നത് എല്ലായിപ്പോഴും നല്ലതാണ്. ജോലി സമയത്തിന് ഇടയിൽ ആണെങ്കിൽ പോലും കുറച്ചു സമയം കുശലം പറയാനും കൊച്ചു വർത്തമാനം പറയാനുമൊക്കെ സമയം കണ്ടെത്തുന്നത് ഏറ്റവും നല്ല ഒരു തീരുമാനമായിരിക്കും. പ്രോജക്റ്റുകളിലും അസൈൻമെന്റുകളിലും ഒക്കെ നിരന്തരം കണ്ണു മിഴിച്ചിരിക്കുന്നത് ഒരു വ്യക്തിയെ വിരസ്സമാക്കി തീർക്കാനും നിരുത്സാഹപ്പെടുത്താനും കാരണമാകും. ഒരു ഇടവേള എടുക്കുന്നത് മനസ്സിനെ ഉന്മേഷപ്രദമാക്കും.
ടെക്നോളജിയില്‍ നിന്നും അല്പം അകന്നു നില്ക്കാം
ജോലിയില്‍ നിന്നും ഇടവേളയെടുക്കുന്ന വെക്കേഷന് സമയത്തെങ്കിലും ഇന്റര്‍നെറ്റില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും അകന്ന് നില്ക്കുക. നിങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തുക. കഴിയുമെങ്കില്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വെക്കുക.
ജോലിഭാരം ഓഫീസില്‍ ഉപേക്ഷിക്കാം
കുടംബത്തിനൊപ്പം സമയം ചിലവഴിക്കുമ്പോൾ ജോലി സംബന്ധമായ കാര്യങ്ങള്‍ പരമാവധി ഓഫീസില്‍ തന്നെ വയ്ക്കുക. കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. കുടുംബത്തോടൊപ്പമായിരിക്കുമ്പോള് അത്യാവശ്യകാര്യത്തിനല്ലാതെ ജോലി സംബന്ധമായ ഫോണ്‍കോളുകള്‍ എടുക്കാതിരിക്കുക. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാതിരിക്കുകയും ചെയ്യാം.
പാട്ടുകേട്ട് കൂൾ ആകാം
സംഗീതം കേൾക്കുന്നത് ജോലി സമ്മർദ്ദത്തെ കുറച്ചുകൊണ്ട് ധാരാളം നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. ജോലി കഴിഞ്ഞ ശേഷമുള്ള സമ്മർദ്ദം കുറയ്ക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാർഗ്ഗം പാട്ടു കേൾക്കലാണ്. മനസ്സിനെ ശാന്തമാക്കാനും അനാവശ്യ ചിന്തകൾ ഒഴിവാക്കാനും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സമയങ്ങളിൽ ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നത് നല്ലതാണ്.
വ്യായാമം മനസ്സിനും ശരീരത്തിനും നല്ലത്
കൃത്യമായ വ്യായാമം നിങ്ങളുടെ മാനസിക സമ്മര്‍ദം കുറക്കാന്‍ ഒരു പരിധിവരെ സഹായിക്കും.
ശീലമാക്കാം മെഡിറ്റേഷന്‍
മെഡിറ്റേഷന്‍ നിങ്ങളുടെ ഏകാഗ്രത വര്‍ധിപ്പിക്കാനും ഉത്കണ്ഠയും മാനസികപ്പിരിമുറുക്കവും കുറയ്ക്കാനും സഹായിക്കും.