നമ്മൾ ആത്മഹത്യയെ പലപ്പോഴും വ്യക്തിപരമായ തീരുമാനമായി കാണാറുണ്ട്. പക്ഷേ യഥാർത്ഥത്തിൽ അത് ഒരു സാമൂഹിക പ്രശ്നവും പകർച്ച സ്വഭാവമുള്ള പ്രവൃത്തിയും കൂടിയാണ്. ഒരാൾ എടുത്ത തീരുമാനം പലർക്കും മാതൃകയാകുകയും അതേ രീതിയിൽ മറ്റുള്ളവരും ശ്രമിക്കുകയുമാണ്. അതിനാൽ ആത്മഹത്യയെ “പകർച്ചവ്യാധി” എന്ന് തന്നെ വിളിക്കാം. ഇതിൽ ഒരു പ്രധാന പങ്ക് മാധ്യമങ്ങൾ വഹിക്കുന്നുണ്ട് പ്രത്യേകിച്ചും ആധുനിക കാലത്ത് സാമൂഹ്യ മാധ്യമങ്ങൾക്ക് ഇതിൽ വലിയൊരു പങ്കുണ്ട്.
ഇന്നത്തെ കാലത്ത്, മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയയ്ക്കും മനുഷ്യ ജീവിതത്തിൽ വലിയ സ്വാധീനമുണ്ട്. വാർത്തകൾ അവതരിപ്പിക്കുമ്പോൾ ആത്മഹത്യയുടെ രീതി, ദൃശ്യങ്ങൾ, വിവരണം എന്നിവയെ അതിരില്ലാതെ പ്രചരിപ്പിക്കുന്നത് പലർക്കും അനുകരണത്തിനുള്ള പ്രേരണയായി മാറുന്നു. വാർത്താ സ്വാതന്ത്ര്യവും യാഥാർത്ഥ്യവും പ്രധാനമാണെങ്കിലും, വാർത്ത പറയുന്ന രീതിയിൽ ഉത്തരവാദിത്വം വേണം. ഭയം വളർത്തുന്ന ചിത്രങ്ങളും ആത്മഹത്യയെ മഹത്വവൽക്കരിക്കുന്ന കഥകളും ഒഴിവാക്കി, ജീവിക്കാൻ പ്രചോദിപ്പിക്കുന്ന വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അനിവാര്യമാണ്.
തീ കൊളുത്തലൊ , വിഷം കുടിക്കലൊ വെള്ളത്തിലേക്ക് ചാടി മരിക്കലൊ ഒക്കെ തന്നെ തിരികെ പോകാൻ കഴിയാത്ത ഒരൊറ്റ തീരുമാനമാണ്. ഒരിക്കൽ എടുത്താൽ മാറ്റാൻ കഴിയാത്ത പ്രവൃത്തികൾ. എന്നാൽ പലപ്പോഴും ഈ “വഴികൾ” മാധ്യമങ്ങളിലൂടെ അറിയുന്നവരാണ് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നവർ. അതിനാൽ തന്നെ, വാർത്തകൾ അവതരിപ്പിക്കുമ്പോൾ സൂക്ഷ്മതയും ആത്മനിയന്ത്രണവും നിർബന്ധമാണ്.
ആത്മഹത്യയ്ക്ക് പിന്നിൽ പല കാരണങ്ങളുണ്ട്:
- സാമ്പത്തിക ബുദ്ധിമുട്ടുകൾ
- കുടുംബത്തിലെ സംഘർഷങ്ങൾ
- ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ
- രോഗങ്ങളും ചികിത്സാ പ്രശ്നങ്ങളും
- സാമൂഹിക സമ്മർദങ്ങളും ഒറ്റപ്പെടലും
ഇവയെല്ലാം ഒരാളുടെ ജീവിതത്തിൽ പ്രതിസന്ധി അനുഭവം സൃഷ്ടിക്കുമ്പോൾ, ആത്മഹത്യ ഒരു അവസാന പരിഹാരമായി തോന്നിപ്പോകുന്നു. എന്നാൽ ഇത് സ്ഥിരമായ പരിഹാരമല്ല, തിരിച്ചുപോകാനാവാത്ത നഷ്ടം മാത്രമാണ്.
ആത്മഹത്യാ പ്രവണത കുറയ്ക്കാൻ നമ്മൾ എല്ലാവരും ചെയ്യേണ്ട കാര്യങ്ങൾ:
കുടുംബങ്ങളിൽ തുറന്ന സംഭാഷണം ഉണ്ടാക്കുക.
സ്കൂളുകളിലും കോളേജുകളിലും മാനസികാരോഗ്യ വിദ്യാഭ്യാസം ശക്തിപ്പെടുത്തുക.
പ്രൊഫഷണൽ സഹായം തേടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക.
മാധ്യമങ്ങൾ ആത്മനിയന്ത്രണം പാലിക്കുക ആത്മഹത്യയുടെ രീതി പ്രചരിപ്പിക്കാതെ, പ്രതിരോധ മാർഗങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.
സഹായത്തിനുള്ള ഫോൺ നമ്പറുകൾ, കൗൺസിലിംഗ് കേന്ദ്രങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ പ്രചരിപ്പിക്കുക. ആത്മഹത്യ ഒരു വ്യക്തിയുടെ നഷ്ടം മാത്രമല്ല, അത് ഒരു കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന ദുരന്തം ആണ്. അതിനാൽ, പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിടേണ്ട സാഹചര്യം ഉണ്ടാകാതെ, ഒരുമിച്ച് പിന്തുണയ്ക്കുന്ന സമൂഹം നിർമ്മിക്കണം. മാധ്യമങ്ങളും കുടുംബവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ ആത്മഹത്യ എന്ന വെല്ലുവിളിയെ വിജയകരമായി നേരിടാൻ കഴിയൂ.