Emotional Abuse അഥവാ വൈകാരികമായ ദുരുപയോഗം നേരിടാത്തവർ കുറവാണ്. മാനസിക പ്രശ്നങ്ങളിലേയ്ക്ക് വരെ നയിക്കുന്ന ഇമോഷണലി ബ്ലാക്ക് മെയിലിംഗ് എന്ന് തന്നെ പറയാവുന്ന ഗുരുതരമായ ക്യത്യമാണിത്….!
നിങ്ങൾക്ക് ഒരാളോടുള്ള അടുപ്പത്തെ വൈകാരികത നിലനിർത്തി ചൂഷണം ചെയ്യുന്ന ഒന്നാണിത്. ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒരു ആചാരമാണിത്. ‘ സ്നേഹം കൊണ്ടല്ലേ ‘ എന്ന ഒറ്റ വാക്കിൽ ഗുരുതരമായ ഒരു കുറ്റത്തെ വരെ മായ്ക്കാൻ വരെ പ്രേരിപ്പിക്കുന്ന ബ്ലാക്ക് മെയിലിംഗ് ആണത്. അനുഭവിക്കേണ്ടി വരുന്നവർക്ക് മാത്രം മനസ്സിലാകുന്ന ഒന്നാണത്…
ഒഴിവാക്കാനാകാത്ത ഒരു സുഹ്രുത്തിന്റെ, ഇതേ ‘ സ്നേഹം കൊണ്ടല്ലേ…നിന്നോട് പറയുന്നത് ‘ എന്ന വാക്കിൽ നിർബന്ധിക്കപ്പെടുന്നത് ഗുരുതരമായ കുറ്റ ക്യത്യങ്ങൾ വരെയാണ്. സ്നേഹിച്ച പെൺകുട്ടി പിന്മാറിയാൽ , ആ കുട്ടിയുടെ മുഖത്തേയ്ക്ക് ആസിഡ് ഒഴിക്കുന്ന, കൊല്ലാൻ ശ്രമിക്കുന്ന കുറ്റവാളിയെ പോലും, ഇതേ സ്നേഹം കൊണ്ടല്ലേ എന്ന വാക്ക് കൊണ്ട് ലളിതവൽക്കരിക്കുന്നവർക്ക് ഇന്നും നാട്ടിൽ പഞ്ഞമില്ല എന്നതാണ് സത്യം….
നുറുകണക്കിന് ഉദാഹരണങ്ങൾ ഉണ്ട് ഇത്തരം ഇമോഷണൽ ബ്ലാക്ക് മെയിലുകൾക്ക്….
മകൻ ഒന്നാം സ്ഥാനത്ത് എത്താൻ , അത് വഴി സമൂഹത്തിൽ തന്റെ സ്റ്റാറ്റസ് ഉയർത്താൻ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന രക്ഷകർത്താക്കൾ ചെയ്യുന്നതും ഇതേ ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആണ്. മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ടമില്ലാത്തത് ചെയ്യേണ്ടി വരുന്ന കുഞ്ഞിന്റെ ഭാവി, ഭാവിയിൽ പ്രതിസന്ധിയുടേതാകും എന്ന് തിരിച്ചറിയുന്ന മാതാ
പിതാക്കൾ വർദ്ധിക്കുന്നു എന്നത് ആശ്വാസകരം ആണ്.അങ്ങനെ മാതാപിതാക്കൾക്ക് മാറ്റമുണ്ടാക്കാൻ സഹായിക്കുന്ന ക്ലിനിക്കുകളും ഇന്ന് സമൂഹത്തിൽ ഏറെയുണ്ട്….!
അദ്ധ്യാപകരിൽ നിന്ന്, മേധാവികളിൽ നിന്ന്, വീടുകളിൽ നിന്ന്, എന്തിന് സുഹ്യത്തുക്കളിൽ നിന്ന് വരെ ഇത്തരം ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ഒരിക്കലെങ്കിലും ഏറ്റ് വാങ്ങാത്തവർ ചുരുക്കമാകും. സുഹ്യത്തിന്, വകുപ്പ് മേധാവിക്ക്, മാതാപിതാക്കൾക്ക് അങ്ങനെ പറഞ്ഞാൽ അവർക്ക് എന്ത് തോന്നും എന്ന് കരുതി തന്റെ മാനസിക സംഘർഷം അടക്കി പിടിക്കുന്നവരാണ് നമ്മളിൽ പലരും.നോ പറയേണ്ടിടത്ത് നോ പറയാൻ കഴിയുക എന്നതാണ് ഇതിന്റെ പ്രതിവിധി.
അങ്ങനെ പറയാൻ കഴിയുന്ന രീതിയിൽ നമ്മളും,ഇത് സ്നേഹവും കരുതലുമല്ല, കീഴടക്കാൻ ഉപയോഗിക്കുന്ന മൂർച്ചയുള്ള ആയുധമാണെന്ന് സമൂഹം തിരിച്ചറിയും വരെ ഇത്തരം ഇമോഷണൽ അബ്യൂസുകൾ തുടരും.
സ്വയം അല്ലങ്കിൽ ആരുടെയെങ്കിലും സഹായത്തോടെ അതിൽ നിന്നും പുറത്ത് കടക്കുക എന്നത് മാത്രമാണ് താൽക്കാലിക പ്രതിവിധി.