ഈ അടുത്താണ് എഫ് ബി വഴി പരിചയപ്പെട്ട ഒരു സുഹ്യത്ത് ആത്മഹത്യ ചെയ്ത വാർത്ത സോഷ്യൽ മീഡിയ വഴി അറിഞത്. ശെരിക്കും ഞെട്ടലായിരുന്നു ആ മരണം. കാരണം അതിന്റെ തലേദിവസവും ആൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ആളുടെ എഴുത്തും ഭാഷയും ഒരു കരുത്തുള്ള ആളുടേതെന്ന് തോന്നിപ്പിക്കുന്നതായിരുന്നു. എന്നിട്ടും എന്ത് കൊണ്ട് അത് സംഭവിച്ചു എന്നത് അഞ്ജാതമാണ്…
അടുത്തിടെ സോഷ്യൽ മീഡിയയിൽ തന്നെ മറ്റൊരു വീഡിയോ കണ്ടു. ആത്മഹത്യയ്ക്ക് തുനിയുന്ന ആളെ ചേർത്ത് പിടിക്കുന്ന ഒരു വഴിയാത്രക്കാരൻ. ആ ഒറ്റ ആശ്ലേഷത്തിൽ അയാൾ വഴിയാത്രക്കാരന്റെ തോളിൽ മുഖം അമർത്തി പൊട്ടിക്കരയുന്നുണ്ട്.
ഒരു പക്ഷെ അതൊരു ഫേക്കാകാം, സ്യഷ്ടിക്കപ്പെട്ടത്.പക്ഷെ അതിലൊരു മെസേജ് ഉണ്ടായിരുന്നു.
റിയൽ ലൈഫിൽ അത് സാധ്യമാണോ എന്നതാണ് ചോദ്യം. ചിലതൊക്കെ സാധ്യമാണ് എന്നതാണ് ഉത്തരം. മറ്റൊരാളിനായി സ്പെൻഡ് ചെയ്യാൻ ഒട്ടും ടൈമില്ലാത്ത ഓടിക്കൊണ്ടിരിക്കുന്നവരാണ് ചുറ്റിലും. പക്ഷെ ഒരു നീമിഷം, അല്ലങ്കിൽ അര മണിക്കൂർ ചിലരെ നമുക്ക് ജീവിതത്തിലേയ്ക്ക് തിരിച്ച് കൊണ്ട് വരാനാകും. ഒന്ന് സംസാരിച്ചാൽ, ഒന്ന് ഉറക്കെ കരയാൻ അവസരം ലഭിച്ചാൽ ഒഴുകി പോകുന്നതാണ് പല മാനസിക സംഘർഷങ്ങളും. നിർഭാഗ്യവശാൽ അതിനായി എത്ര പേർ തയാറാകുന്നുണ്ട് എന്നതാണ് ചോദ്യം..!
നിസാരമായ മാനസിക സംഘർഷങ്ങൾ വലിയ മാനസിക പ്രശ്നങ്ങളിലേയ്ക്ക് വഴി വെച്ചേയ്ക്കാം. ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങിയ ആളെ പിന്മാറ്റാൻ ആർക്കും കഴിയില്ല എന്ന് പറയുന്നവരുണ്ട്. ഇത് രണ്ട് തരത്തിലാണ്, ഒന്ന് വൈകാരികായ ഒരു മാനസിക സംഘർഷത്തിന്റെ പേരിൽ, മറ്റേത് ആ സംഘർഷം മനസ്സിൽ കിടന്ന് ഊതിയുതി തീയായി മാറിയത്. ആദ്യ വിഭാഗത്തിൽ പെട്ടയാൾക്ക് മനസ്സ് തുറന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിൽ അയാൾ രണ്ടാമത്തെ വിഭാഗത്തിലെ ആളായി മാറില്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
ആദ്യത്തെയാളിന് നല്ല പരിചരണം മാത്രം മതിയെങ്കിൽ രണ്ടാമത്തെയാളിന് ചികിത്സ കൂടി വേണം. അത് ഒരു സൈക്യാട്രിസ്റ്റിനോ, അല്ലങ്കിൽ തുറന്ന് പറയാൻ കഴിയുന്ന ഒരാൾടെ സഹായാം കൊണ്ടോ സാധിക്കും. പല കാരണങ്ങൾ കൊണ്ടും സുഹ്യത്തുക്കളോടോ, ബന്ധുക്കളോടോ തങ്ങളുടെ മനസ്സിലുള്ളത് ഷെയർ ചെയ്യാൻ കഴിയാത്തവരുണ്ട്. അവരെ സഹായിക്കുന്ന വിശ്വസ്തയുള്ള ക്ലിനിക്കുകൾ ഇന്ന് പലയിടത്തും ഉണ്ട്. ഒരു കാലത്ത് ഇത്തരം സ്ഥലങ്ങൾ സന്ദർശ്ശിക്കുകയും സഹായം നേടുകയും ചെയ്യുന്നതിൽ നിന്നും മനുഷ്യരെ മാറ്റി നിർത്തിയിരുന്നിടത്ത് നിന്നും അങ്ങോട്ട് തേടി പോകുന്നതിലേയ്ക്ക് മനുഷ്യർ മാറിയതിന് പിന്നിൽ ഒറ്റ കാര്യമേയുള്ളൂ, ഒറ്റ ജീവിതമേയുള്ളു എന്ന ബോദ്ധ്യം.
ഒരു മലയാള സിനിമയിൽ അന്തരിച്ച നടൻ ഇന്നസെന്റ് അവതരിപ്പിക്കുന്ന ഒരു കഥാപാത്രം, തന്റെ മനസ്സീലെ രഹസ്യം ഭാര്യയോട് പോലും പറയാതെ സംഘർഷം അനുഭവിക്കുന്ന സീനുണ്ട്.അവസാനം അതിറക്കി വെയ്ക്കുന്നത് ആരുമില്ലാത്തിടത്ത് ഒരു മലയുടെ മുകളിൽ കയറി നിന്ന് വിളിച്ച് കൂവി പറഞ്ഞാണ്. മനസ്സിലെ ഭാരം ഒഴിഞ്ഞ ആശ്വാസം ആ സീനിൽ ആ വലിയ നടന്റെ മുഖത്ത് മിന്നിമറയുന്നത് കാണാം…!
ജീവിതത്തിൽ അങ്ങനെ പറ്റില്ലായിരിക്കാം. പക്ഷെ നമ്മൾ പറയുന്നത് ക്ഷമയോടെ കേൾക്കാൻ നമ്മുടെ മനസ്സിനെ പാകപ്പെടുത്താൻ കഴിയുന്ന ക്ലിനിക്കുകൾ ഇന്നുണ്ട്. നേരത്തേ പറഞ്ഞത് പോലെ ഒറ്റ ജീവിതമല്ലേ, പുള്ളിക്കാരൻ ഇങ്ങോട്ട് വന്ന് വിളിക്കുന്നത് വരെ ഇത് നമുക്ക് ആഘോഷിക്കാമന്നേ… അങ്ങോട്ട് ഓടി ചെന്നിട്ട് എന്നാ എടുക്കാനാ…!