ഒന്നും ചെയ്യാൻ പറ്റാതെ പോയല്ലോ… ഞാനോന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ… പ്രിയപ്പെട്ടവരുടെ ആത്മഹത്യയുടെ കുറ്റബോധം പേറി ഇങ്ങനെ നീറുന്ന മനസ്സോടെ ജീവിക്കുന്ന നിരവധി മനുഷ്യരുണ്ട് നമുക്ക് ചുറ്റും. ആത്മഹത്യയോടെ പ്രശ്നങ്ങളെല്ലാം തീരും എന്ന് കരുതി ജീവിതം അവസാനിപ്പിക്കുന്ന മനുഷ്യർ ബാക്കി വച്ച് പോകുന്ന ഇത്തരം കുറ്റബോധത്തിന്റെ രക്തസാക്ഷികളെ നമ്മൾ എന്ത് പറഞ്ഞാശ്വസിപ്പിക്കും….
എന്നാൽ ഇത്തരം അവസ്ഥകൾ ഇനിയും തുടരാതിരിക്കാൻ സമൂഹം ഒന്നടങ്കം സ്വീകരിക്കേണ്ട നിരവധി മുൻകരുതലുകൾ ഉണ്ട്. മാനസികാരോഗ്യ സാക്ഷരത നേടിയ ഒരു സമൂഹം ഒന്നിച്ചുനിന്നാൽ ആത്മഹത്യകൾ ഈ ഭൂമിയിൽ നിന്ന് തന്നെ തുടച്ചുനീക്കാൻ സാധിക്കും.
സങ്കീർണ്ണവും ബഹുമുഖവുമാണ് ഓരോ ആത്മഹത്യയുടെയും കാരണങ്ങൾ. തീവ്രമായ മാനസിക വേദനയും നിരാശയും അനുഭവിക്കുന്നവർ, അവസാനം അതിൽ നിന്നെല്ലാം മോചനം ലഭിക്കുവാനായി ആത്മഹത്യയിലേക്ക് എത്തിപ്പെടും.
ഏകാന്തത, ഉയർന്നതോതിലുള്ള അപകർഷതാബോധം, നിസ്സഹായത, മൂല്യമില്ലായ്മ , ഇനി എന്ത്, താനൊരു പരാജയപ്പെട്ട മനുഷ്യൻ ആയിപ്പോയല്ലോ തുടങ്ങി നിരവധി വികാരങ്ങൾ ഇത്തരക്കാരെ വളരെയധികം അലട്ടും. പലപ്പോഴും ഇത്തരത്തിലുള്ള നിരന്തരമായ മാനസിക സമ്മർദം, ഒപ്പം വിഷാദരോഗം, ഉത്കണ്ഠ, ലഹരി ഉപയോഗം, ജീവിതത്തിലെ പ്രധാന മാറ്റങ്ങൾ, നഷ്ടങ്ങൾ, സാമ്പത്തിക പ്രതിസന്ധികൾ , ബാധ്യത, തൊഴിൽ നഷ്ടം, പ്രണയ പരാജയം തുടങ്ങിയവയെല്ലാം ആത്മഹത്യയിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. കാരണങ്ങൾ ഇങ്ങനെ പലതാണെങ്കിലും പെട്ടെന്നൊരു ദിവസം ചെയ്യുന്നതല്ല ആത്മഹത്യകൾ. ദീർഘകാല പ്രക്രിയയുടെ ഫലമാണ്. ചെറിയ വിഷാദത്തിൽ തുടങ്ങി, കാലക്രമേണ അത് കൂടുതൽ തീവ്രമാകും. ആത്മഹത്യയിലൂടെ മറ്റുള്ളവരുടെ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരുമുണ്ട്. ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി ആത്മഹത്യയെക്കുറിച്ച് ഇവർ തന്റെ പ്രിയപെട്ടവരോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയും അവസാനം അത് പ്രവർത്തിക്കുകയും ചെയ്യും. എന്നാൽ ആത്മഹത്യ പ്രശ്നങ്ങളെ അവസാനിപ്പിക്കുന്നില്ല, മറിച്ച് അവ മറ്റുള്ളവരിലേക്ക് മാറ്റുകയാണ് ചെയ്യുന്നതെന്ന് ആരും ചിന്തിക്കുന്നില്ല. അതുകൊണ്ട് തന്നെ മാനസികാരോഗ്യ സാക്ഷരത നേടുന്ന ഒരു സമൂഹത്തിന് ആത്‍മഹത്യകളുടെ സൂചനകൾ തിരിച്ചറിഞ്ഞ് കൃത്യമായ ഇടപെടൽ നടത്താൻ സാധിക്കും. ഇത്തരം പ്രവണതയുള്ളവരെ തിരിച്ചറിയാനുള്ള പ്രധാന മാർഗ്ഗങ്ങളിൽ ചിലത് ആണ് ഇവിടെ പറയുന്നത്…
തിരിച്ചറിയാം ഈ അപകട സൂചനകൾ
സാമൂഹത്തിൽ ഒറ്റപ്പെട്ട് നിൽക്കുക, സ്വഭാവത്തിലും പ്രവർത്തികളിലുമുള്ള വ്യതിയാനങ്ങൾ, അമിതമായ മദ്യപാനം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗം, അപകടകരമായ പെരുമാറ്റം, നിരന്തരമായ വിഷാദം, അമിത ഉത്കണ്ഠ, മൂഡ് മാറ്റങ്ങൾ, വൈകാരികമായ മാറ്റങ്ങൾ,മരണത്തെക്കുറിച്ച് സംസാരിക്കുക, ഇഷ്ടപ്പെടുന്നവരുടെ മരണം, അകൽച്ച,വിവാഹമോചനം, സാമ്പത്തിക പ്രതിസന്ധി, ജോലി നഷ്ടം തുടങ്ങി ജീവിതത്തിലെ വലിയ മാറ്റങ്ങൾ അംഗീകരിക്കാതിരിക്കുക. ഉള്ളതെല്ലാം ദാനം ചെയ്യുക, മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുക, ആരോഗ്യം നോക്കാതിരിക്കുക , സ്വയം എല്ലാം അവസാനിച്ചു എന്ന രീതിയിൽ പെരുമാറുക, അമിതമായ സന്തോഷം പ്രകടിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ഒരാൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നതിന്റെ സൂചനകളാണ്.
ഇത് ഒരു
കാരണവശാലും അവഗണിക്കരുത്. അടിയന്തിര ഇടപെടൽ ആവശ്യമാണ്. എത്രയും വേഗം ഒരു മനോരോഗ വിദഗ്ധന്റെ ചികിത്സാ സഹായം തേടുന്നതിനോടൊപ്പം അവർക്ക് ആവശ്യമായ മാനസിക പിന്തുണയും നൽകണം.
ഇത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട ചില മുൻകരുതലുകളും ഇനി പറയാം.
തീർക്കാം പ്രതിരോധം
മാനസികമായി തളർന്നവരോട് തുറന്ന് സംസാരിക്കുക. അവർ പറയുന്ന കാര്യങ്ങൾ അനുകമ്പയോടെ മുൻവിധിയില്ലാതെ കേൾക്കുക, അവഗണിക്കരുത്. അവർക്കുള്ളിൽ നമ്മൾ ശക്തമായി പിന്തുണയ്ക്കുന്നുണ്ടെന്ന തോന്നൽ ഉണ്ടാക്കിയെടുക്കണം.തുടർച്ചയായി നിരീക്ഷിക്കുകയും ബന്ധപ്പെടുകയും ചെയ്യുക. മാറ്റങ്ങൾ ശ്രദ്ധിക്കുക, ഒരു മാനസികാരോഗ്യ വിദഗ്ധന്റെ സഹായം നൽകുവാനായി ശ്രെദ്ധിക്കാം, മരുന്നുകൾ ശരിയായി കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. അമിത ഉപയോഗം തടയുക, അവരുടെ ചുറ്റുപാടുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കണം. ഇതിനെല്ലാത്തിനും ഉപരി സഹായം നൽകുന്നയാൾ ഒരു ഘട്ടത്തിലും മാനസിക നിയന്ത്രണം നഷ്ടപ്പെടാതെയും നോക്കണം.
ഒരാൾ ആത്മഹത്യയെക്കുറിച്ച് സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുന്നത് അയാൾക്ക് നിർബന്ധമായും ചികിത്സ ആവശ്യമാണ് എന്നതിന്റെ സൂചനയാണ്. എന്നാൽ മാനസികാരോഗ്യ ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ആത്മഹത്യാ പ്രവണതകളുടെ നേരത്തെയുള്ള ചികിത്സയെ ഗുരുതരമായി ബാധിക്കുന്നുണ്ട്.ചികിത്സ തേടുന്നത് ദുർബലതയാണെന്ന ധാരണയും, മാനസികാരോഗ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മയും, പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഭയവും ചികിത്സയെ തടസ്സപ്പെടുത്തുന്നു. ഇത് രോഗികളുടെ അവസ്ഥ കൂടുതൽ സങ്കീർണമാക്കുകയും ആത്മഹത്യാ പ്രവണത വർധിപ്പിക്കുകയും ചെയ്യും.
ബോധവത്കരണവും വിദ്യാഭ്യാസവും വഴി ഈ തെറ്റിദ്ധാരണകൾ മാറ്റേണ്ടത് അത്യാവശ്യമാണ്.ഉറപ്പാണ് നഷ്ടപ്പെടാൻ പോകുന്ന ഒരു ജീവിതം തിരിച്ച് പിടിക്കാൻ സഹായിക്കുന്നതിനെക്കാൾ വലുതായി മറ്റൊന്നില്ല…