“തെക്കോട്ട് പോകാൻ പറഞ്ഞാൽ വടക്കോട്ട് പോകും!, അനുസരണയില്ല…”
മക്കളെക്കുറിച്ച് ഏതെങ്കിലുമൊക്കെ അവസരങ്ങളിൽ ഇത്തരത്തിൽ പരാതി പറയാത്ത മാതാപിതാക്കൾ കുറവായിരിക്കും. എന്നിരുന്നാലും
രക്ഷിതാക്കൾ എന്ന നിലയിൽ കുട്ടികൾക്ക് ഏറ്റവും നല്ല സംരക്ഷണവും പരിഗണനയുമൊക്കെ കൊടുത്ത് വളർത്തണം എന്നായിരിക്കും എല്ലാവരുടെയും ആഗ്രഹം. മക്കളോട് ദേഷ്യപ്പെടാനും വഴക്കിടാനും ഒട്ടുംതന്നെ ഇഷ്ടമില്ലാത്തവരായിരിക്കും മിക്ക മാതാപിതാക്കളും എങ്കിൽ പോലും ചില സാഹചര്യങ്ങളിൽ കാര്യങ്ങൾ കൈവിട്ടു പോകും. ഇവിടെയാണ് പോസിറ്റീവ് പാരന്റിങ് പ്രസക്തമാകുന്നത്.
മക്കളുമായി ശക്തവും ആരോഗ്യകരവുമായ ബന്ധം നിലനിർത്തുന്നതിന് മാതാപിതാക്കൾ ദേഷ്യവും വികാരങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. അതോടൊപ്പം പോസിറ്റീവ് പാരന്റിങ്ങിലെ ചില ടിപ്പുകൾ കൂടി പരീക്ഷിച്ചാൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകും. എന്തെന്നാൽ യാതൊരുവിധ എക്സ്പീരിയൻസോ ട്രെയിനിങ്ങോ കൂടാതെ പെട്ടെന്നൊരു ദിവസമാണ് രണ്ടുപേർ മാതാവും പിതാവുമായി മാറുന്നത്. അതിന്റേതായ പോരായ്മകൾ എല്ലാകാര്യങ്ങളിലും ഉണ്ടാകുമല്ലോ.
പാരന്റിംഗ് പോസിറ്റീവ് ആക്കാൻ ആദ്യം തന്നെ ചെയ്യേണ്ടത് ‘സ്റ്റോപ്പ്’, ‘നോ’ തുടങ്ങിയ നെഗറ്റീവ് വാക്കുകൾ
ഒഴിവാക്കുക എന്നതാണ് ഇതിനുപകരമായി കുട്ടികൾ തെറ്റായി എന്തെങ്കിലും ചെയ്യുകയാണെങ്കിൽ അവരുടെ ശ്രദ്ധ അവിടെ നിന്ന് തിരിച്ച് പകരം പ്രോഡക്റ്റീവായ മറ്റു കാര്യങ്ങളിലേക്ക് അവരെ ശ്രദ്ധിപ്പിച്ചതിനു ശേഷം ലളിതമായ ഭാഷയിൽ തെറ്റ് തിരുത്തി കൊടുക്കണം. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് പോലെ അവർ ശരികൾ ചെയ്യുമ്പോൾ അതിനെ അഭിനന്ദിക്കുവാനും മറക്കരുത്. അത് കുട്ടികളെ ശരിയായ കാര്യങ്ങൾ ചെയ്യുന്നതിനായി പ്രേരിപ്പിക്കുകയും പ്രശംസകള്‍ കിട്ടുന്നതിനായി നല്ല കാര്യങ്ങൾ ചെയ്യുന്നതിനുള്ള ത്വര അവരിൽ വർദ്ധിക്കുകയും ചെയ്യും.
കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ അവരെ അപ്പോൾ തന്നെ ശകാരിക്കാൻ നിൽക്കാതെ അതിനെക്കുറിച്ച് ചിന്തിക്കുന്നതിനായി അല്പസമയം നൽകിയതിനു ശേഷം ചെയ്ത തെറ്റിനെ കുറിച്ച് സാവധാനം പറഞ്ഞു മനസ്സിലാക്കി കൊടുക്കലാണ് മറ്റൊരു ടിപ്പ്. മാത്രമല്ല കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ വച്ച് ശകാരിക്കുന്നതും ഉപദ്രവിക്കുന്നതും അവരുടെ ആത്മാഭിമാനവും കോൺഫിഡൻസും കുറയ്ക്കുവാൻ കാരണമാകും. പിന്നീട് അത് ചൈൽഡ്ഹുഡ് ട്രോമയായിട്ടും മാനസിക പ്രശ്നങ്ങളായിട്ടുമൊക്കെ മാറുവാനും സാധ്യതയുണ്ടെന്നും ഓർമ്മ വെക്കണം. അതുകൊണ്ടുതന്നെ എന്തെങ്കിലും ഒരു തെറ്റ് ചെയ്താൽ അത് കുട്ടിയിൽ നിന്ന് സംഭവിച്ച ഒരു ചെറിയ തെറ്റായി മാത്രം മനസ്സിലാക്കി അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സഭ്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം.
അടുത്ത ടിപ്പ് കുട്ടികൾക്ക് അൺ കണ്ടീഷണൽ സ്നേഹം നൽകുക എന്നതാണ്. ഒരിക്കലും കണ്ടീഷൻസും ഡിമാൻഡ്കളും വെച്ച് കുട്ടിയെ സ്നേഹിക്കരുത്. പരീക്ഷയിലെ മാർക്കിനും മത്സരത്തിലെ വിജയത്തിനുമെല്ലാം എല്ലാം ഓരോ ഡിമാൻഡുകൾ വെച്ച് വാഗ്ദാനങ്ങൾ നൽകുമ്പോൾ അതു കുട്ടിയെ കൂടുതൽ പിരിമുറുക്കത്തിലേക്കാവും നയിക്കുക. അതുകൊണ്ട് ഡിമാൻഡുകൾ ഇല്ലാതെ ഏത് സാഹചര്യത്തിലും ഞങ്ങൾ നിനക്ക് ഒപ്പം ഉണ്ടാകുമെന്ന് അവർക്കു ഉറപ്പ് നൽകി നമ്മുടെ സ്നേഹം അവരിലേക്ക് പകർന്നുനോക്കു അവർ കൂടുതൽ മിടുക്കരായി മാറും.
അടുത്തതായി ചെയ്യേണ്ടത് നമ്മൾ സ്വയമൊരു മോഡൽ ആയി മാറുക എന്നതാണ്. അതായത് നമ്മൾ എന്താണ് കുട്ടിയിൽ നിന്ന് പ്രതീക്ഷിക്കുന്നത് ആ രീതിയിൽ കുട്ടിയോട് പെരുമാറുവാൻ ശ്രമിക്കണം. കാരണം കുട്ടികൾ ഒരു കോപ്പി മെഷ്യൻ പോലെയാണ്. നമ്മൾ അവർക്ക് മുന്നിൽ ചെയ്യുന്ന കാര്യങ്ങൾ അതേപടി പകർത്തിയാകും അവർ നമ്മളോട് തിരിച്ചു പെരുമാറുക.അതുകൊണ്ട് തന്നെ ഒരു സട്രെസ്സ്ഫുൾ സിറ്റുവേഷൻ വന്നാൽ അതിൽ പതറി പോകാതെ മികച്ച രീതിയിൽ ഹാൻഡിൽ ചെയ്യണം. കുട്ടികളുടെ മുന്നിൽ വച്ച് ദേഷ്യപ്പെടുക അസഭ്യം പറയുക തുടങ്ങിയ കാര്യങ്ങളും മാതാപിതാക്കൾ ചെയ്യരുത്. എല്ലാത്തിനുമുപരി മാതാപിതാക്കൾ മികച്ച മാനസികാരോഗ്യം മെയ്ന്റൈൻ ചെയ്യുന്നതിനും ശ്രദ്ധിക്കണം. അതിനായി സ്വയം റിലാക്സ് ആകാനുള്ള മാർഗങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കണം. കാരണം മികച്ച മെന്റൽ ഹെൽത്തുള്ള മാതാപിതാക്കൾക്ക് മാത്രമേ ഇമോഷണലി ആൻഡ് മെന്റലി ഫിറ്റായിട്ടുള്ള കുട്ടികളെ വളർത്തിയെടുക്കുവാൻ സാധിക്കുകയുള്ളൂ.