ഒ.സി.ഡി – സമൂഹത്തിൽ ഇന്ന് പലവിധ നിർവചനങ്ങൾ കൊണ്ട് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു മാനസിക അവസ്ഥയാണ് ഒ.സി.ഡി എന്ന ഒബ്സെസ്സിവ് കംപൽസീവ് ഡിസോർഡർ. സിനിമകളിൽ കോമഡിയായി കാണിക്കുന്നത് പോലെ എപ്പോഴും കൈ കഴുകി കുളിച്ചു വൃത്തിയായി നടക്കുന്ന അമിത വൃത്തിയുടെ അസുഖമോ അല്ലെങ്കിൽ നിര തെറ്റിയിരിക്കുന്ന സാധനങ്ങൾ കറക്റ്റ് ആക്കി വെക്കാൻ സൂക്ഷ്മ നിരീക്ഷണങ്ങൾ നടത്തുന്ന വ്യക്തിയോ മാത്രമല്ല ഒ.സി.ഡിക്കാരൻ. നമ്മളെല്ലാം നിസാരം എന്ന് കരുതുന്ന ചെറിയ ചെറിയ കാര്യങ്ങളെ പോലും സംഘർഷഭരിതമായ മനസ്സോടെ സമീപിക്കുന്ന, സ്വയമായി ചിന്തകളെയും പ്രവര്ത്തികളെയും നിയന്ത്രിക്കാന് കഴിയാതെ വേണ്ടാത്ത ചിന്തകള് അകാരണമായി മനസ്സിലേക്ക് കടന്ന് കീഴ്പ്പെടുത്തുന്ന അതി ഭീകരമായ ഒരു മാനസികാവസ്ഥയാണ് ഒ. സി.ഡി. അതുകൊണ്ടുതന്നെ സിനിമകളിൽ കൗതുകം നിറയ്ക്കുന്ന ഒ.സി.ഡി കഥാപാത്രങ്ങളെക്കണ്ട് ഒരിക്കലും മുൻവിധിയോടുകൂടി ഈ അവസ്ഥയെ സമീപിക്കരുത്.
ഏതെങ്കിലുമൊരു കാര്യത്തെപ്പറ്റി ഒരാളിൽ നിർബന്ധിതമായ ചട്ടങ്ങളും ആശങ്കകളും ഉണ്ടാകുകയും ഇതിൻപ്രകാരം ഏതെങ്കിലുമൊരു പ്രവർത്തിയിൽ ആവർത്തിച്ച് ഏർപ്പെട്ടു കൊണ്ടിരിക്കാനുള്ള പ്രേരണയും വ്യഗ്രതയുമൊക്കെ ഉണ്ടാകുന്നതുമെല്ലാം ഈ അവസ്ഥയുടെ പ്രത്യേകതയാണ്. ഒരാളിലെ ഇത്തരം അവസ്ഥകൾ അടുപ്പമുള്ളവരിൽ വിഷമങ്ങൾ ഉണ്ടാക്കുകയും മറ്റുള്ളവരെ രസിപ്പിക്കാൻ കാരണമാകുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള നിർബന്ധിത പെരുമാറ്റ രീതികൾ എല്ലാ പ്രായത്തിലുള്ള ആളുകളേയും വിവേചന രഹിതമായി ബാധിക്കാനും സാധ്യതയുള്ളതാണ്.
അതുകൊണ്ടുതന്നെ ഏതെങ്കിലും സാഹചര്യങ്ങളിൽ നമുക്കോ അല്ലെങ്കിൽ നമുക്ക് അടുപ്പമുള്ള ആർക്കെങ്കിലുമോ ഒസിഡി സാധ്യതകൾ കണ്ടാൽ അത് ഒസിഡി ആണെന്ന് ഉറപ്പിക്കാനായി എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ഒ.സി.ഡി യുടെ പ്രശ്നമുള്ള ആളുകളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ ഇനി പറയാം.
1.കീടാണുക്കൾ, അഴുക്ക്, വൃത്തി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിട്ടു മാറാത്തതും ഒരു യുക്തിയും ഇല്ലാത്തതുമായ ചിന്തകൾ. പതിവായി കൈ കഴുകുകയോ, സോപ്പ് ഉപയോഗിച്ച് പലതവണ കൈകൾ കഴുകിയിട്ടും തൃപ്തി വരാത്തതായി അനുഭവപ്പെടുകയോ ചെയ്യുന്നത് രോഗ ലക്ഷണമാണ്.
2.ഒ.സി.ഡി സംബന്ധമായ പ്രശ്നമുള്ള ഒരാൾ തന്റെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ മടി കാണിക്കാറുള്ള ഒരാളായിരിക്കും. താമസിക്കുന്ന വീട് വൃത്തിയായി സൂക്ഷിക്കാനുള്ള നിർബന്ധവും വ്യഗ്രതയും മൂലം ഈ വ്യക്തിക്ക് വീട് വിട്ടിറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തന്റെ മുറിയിലേക്ക് ആരെങ്കിലും പെട്ടെന്ന് കയറി വന്ന് എല്ലാം അലങ്കോലപ്പെടുത്തിയേക്കുമോ എന്നൊക്കെയുള്ള ഭയങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്തരക്കാർ ഇങ്ങനെ ചെയ്യുന്നത്. തങ്ങളുടെ വീട്ടിലെ അടുക്കളകൾ, കിടപ്പുമുറികൾ തുടങ്ങിയവയെല്ലാം ഇവർ എല്ലായ്പോഴും പുന:ക്രമീകരണം ചെയ്യുകയും എല്ലായ്പ്പോഴും വൃത്തിയാക്കി കൊണ്ടിരിക്കുകയും ചെയ്യും. ശുചിത്വം ഇത്തരക്കാർക്ക് ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ്. ഇങ്ങനെയെല്ലാം ചെയ്യുന്നതിൽ ഇവർ സ്വയം സന്തോഷം കണ്ടെത്തുകയും അതിൽ ആത്മാഭിമാനം കൊള്ളുകയും ചെയ്യുന്നു. ഈ ശീലം അവരുടെ സാമൂഹിക ജീവിതത്തെ തകർത്തുകൊണ്ട് അവരെ വീട്ടിൽ തന്നെ ബന്ധിച്ചിടാൻ പ്രേരിപ്പിക്കുന്ന ഒന്നാണെന്ന സത്യം അവർ മനസ്സിലാക്കുന്നില്ല.ചില കേസുകളിൽ പുറത്തിറങ്ങിയാൽ എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന പേടികൊണ്ടും വീട്ടിനുള്ളിൽ കഴിച്ചുകൂട്ടാറുണ്ട്.
3.വാതിലുകൾ പൂട്ടിയ ശേഷവും അത് പൂട്ടിയിട്ടണ്ടോ എന്ന് വീണ്ടും ആവർത്തിച്ച് പരിശോധിക്കുകയോ, ഗ്യാസ് സ്റ്റൗ ഓഫാക്കിയിട്ടുണ്ടോ, പൈപ്പ് അടച്ചിട്ടണ്ടോ എന്നൊക്കെ നിരവധി തവണ പരിശോധിച്ച് ഉറപ്പിക്കുക ഇവ എല്ലാം ഒസിഡിയുടെ ചില ലക്ഷണങ്ങളാണ്.
4.ലൈംഗികവും മതപരവുമായ അപ്രിയ വികാരങ്ങൾ സങ്കൽപ്പങ്ങൾ അന്ധവിശ്വാസങ്ങൾ എന്നിവയോട് കൂടുതൽ താൽപര്യം കാണിക്കുക. അടുത്തറിയാവുന്ന ആളുകളെ കുറിച്ച് ലൈംഗിക ചിന്തകളോ ആഗ്രഹങ്ങളോ നിയന്ത്രിക്കാൻ കഴിയാതെ
വീണ്ടും വീണ്ടും മനസിലേക്ക് വരിക തുടങ്ങിയ കാര്യങ്ങളും ഇതിന്റെ ഒരു ലക്ഷണമാണ്.
ഈ സമയത്ത് മനസിൽ പ്രാർത്ഥിക്കുക, എണ്ണുക തുടങ്ങിയ പ്രവർത്തികളാണ് ഇവർ ചെയ്യുക. ഒസിഡിയിൽ തന്നെ വളരെ ബുദ്ധിമുട്ടുള്ള ഒരവസ്ഥയാണിത്.
5.ഒ.സി.ഡി രോഗമുള്ള ഒരു വ്യക്തി സ്വയം സൃഷ്ടിച്ചെടുത്ത ചില നിയമങ്ങൾ കൃത്യമായി പാലിക്കുന്നത് കാണാനാവും. ഇത്തരം നിയമങ്ങൾ പലപ്പോഴും കർക്കശവും ഏകാധിപത്യപരമായിരിക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഓരോ ദിവസങ്ങളിലും ചില പ്രത്യേക തരം ഭക്ഷണങ്ങളിൽ പറ്റി നിൽക്കുന്നത്, ചില പ്രത്യേക രീതികളിൽ മാത്രം കഴിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ഒ.സി.ഡിയെ സൂചിപ്പിക്കുന്നു.
മേൽപ്പറഞ്ഞ അടയാളങ്ങളിൽ ഏതെങ്കിലും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്ന് വന്ന് സാധാരണയുള്ള ജീവിത ശൈലിയിൽ മാറ്റങ്ങൾ സൃഷ്ടിക്കുകയും ജീവിതം ആസ്വദിക്കുന്നതിൽ നിന്നും പിന്നോട്ട് വലിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം. കാരണം ഈ ലക്ഷണങ്ങൾ നിങ്ങളുടെ സമയത്തെ ഏറ്റവുമധികം കവർന്നെടുക്കാനും നിങ്ങളുടെ ചിന്തകളെ കീഴടക്കാനും കാരണമാകും.
ഒ.സി.ഡി കാരണവും ചികിത്സയും
ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാവിധ സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് നിരവധി പഠനങ്ങൾ നടക്കുന്ന ഒരു മേഖലയാണ് ഒസിഡി. പുതിയ പഠനങ്ങൾ പ്രകാരം ജനിതകപരമായ പ്രത്യേകതകൾ കൊണ്ട് തലച്ചോറിന്റെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കാൻ കോർട്ടിക്കോ സ്ട്രയേറ്റോ തലാമോ കോർട്ടിക്കൽ സർക്യൂട്ടിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ഒ.സി. ഡിക്കു കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. അതുപ്രകാരം മനശാസ്ത്ര ചികിത്സകൾ, മരുന്ന്, ബ്രെയിൻ സ്റ്റിമുലേഷൻ തുടങ്ങിയ ചികിത്സാരീതികൾ ഇതിനായി അവലംബിച്ചു വരുന്നുണ്ട്. ചില കേസുകളിൽ ഇവയൊന്നും ഫലം കണ്ടില്ലായെങ്കിൽ ശാസ്ത്രക്രിയ വഴിയുള്ള ചികിത്സാരീതികളും ഡോക്ടർമാർ അവലംബിക്കാറുണ്ട്.