ദേഷ്യം നിയന്ത്രിക്കാനാകുന്നില്ലേ; അത്‌ മനസിനും ശരീരത്തിനും ഒരുപോലെ ആപത്ത് ആണ്‌!

എന്തെങ്കിലും മിണ്ടിയാൽ ‘ദേഷ്യം’ മിണ്ടിയില്ലെങ്കിൽ ‘ദേഷ്യം’, ചെയ്താൽ ‘ദേഷ്യം’ ചെയ്തില്ലെങ്കിൽ ‘ദേഷ്യം’. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനും മറ്റുള്ളവരോട് ദേഷ്യപ്പെടുന്നത് മാനസിക രോഗമാണോ?

ജീവിത സമ്മർദ്ദങ്ങൾക്കിടയിലെ ഏതെങ്കിലും ഒക്കെ സാഹചര്യത്തിൽ നമ്മളിൽ പലരും ദേഷ്യപ്പെടുന്നതുകൊണ്ടുതന്നെ ‘അതെ’ എന്ന് സമ്മതിക്കാൻ പലർക്കും മടിയായിരിക്കും.

എന്നാൽ ദേഷ്യംവന്നാൽ മറുവശത്തുള്ള ആളെ തല്ലിയാലോ മാനസികമായി തകർത്താലോ മാത്രമേ ദേഷ്യം അടങ്ങുന്നുള്ളൂവെങ്കിൽ അയാളെ മാനസികാരോഗ്യമുള്ളയാളായി പരിഗണിക്കാനാവില്ല. ഈ ദേഷ്യം മനുഷ്യന്‍റെ മാനസികാരോഗ്യം തകർക്കുന്നതിനോടൊപ്പം സാമൂഹിക ജീവിതവും തൊഴിൽ ചെയ്ത് ജീവിക്കാനുള്ള കഴിവുപോലും നശിപ്പിക്കും. മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തെ പോലും ഇത് ദോഷമായി ബാധിക്കും.
അതുകൊണ്ടുതന്നെ സ്വസ്ഥമായ ജീവിതത്തിനും സുരക്ഷിതമായ ആരോഗ്യത്തിനും അമിത ദേഷ്യം നിയന്ത്രിച്ചേ മതിയാകു.

അതിന് സഹായിക്കുന്ന ചില മാർഗങ്ങൾ നമുക്ക്‌ ഒന്ന് നോക്കിയാലോ….

1.എങ്ങനെയുള്ള സാഹചര്യത്തിലാണ് ദേഷ്യം വരുന്നത് എന്ന് തിരിച്ചറിഞ്ഞ് , അത്തരം സാഹചര്യങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കാൻ ശ്രമിക്കുക.

2. എന്തൊക്കെ ചെയ്താലാണ് ദേഷ്യം നിയന്ത്രിക്കാൻ സാധിക്കുക എന്ന് സ്വയം മനസ്സിലാക്കി വെക്കുക.

3. ദേഷ്യം നിയന്ത്രിക്കുന്നതിനായി റിലാക്സേഷൻ ടെക്നിക്കുകൾ പരീക്ഷിക്കാം. ഒപ്പം യോഗ, വിവിധ റിലാക്സേഷൻ തെറാപ്പികൾ തുടങ്ങിയവയും ചെയ്യുന്നത് നല്ലതാണ്.

4. നമ്മുടെ ദേഷ്യം കൊണ്ട് മറുവശത്തു നിൽക്കുന്നയാൾക്ക് ഉണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് ചിന്തിക്കുക. ഒപ്പം മറ്റുള്ളവരുടെ വികാരങ്ങളെയും മാനിക്കുക.

5. ഞാൻ വലിയ ദേഷ്യക്കാരനാണ്, ഞാൻ ദേഷ്യപ്പെട്ടാൽ എല്ലാവരും പേടിച്ച് ബഹുമാനിക്കും എന്നീ ചിന്തകൾ ഉപേക്ഷിക്കുക.

6. ദേഷ്യം വരുമ്പോള്‍ സംഗീതമോ, മറ്റ്‌ എന്റർടൈൻമന്റ്‌ പ്രോഗ്രാമുകളോ കേള്‍ക്കാനും കാണാനും ശ്രമിക്കുക, അല്ലെങ്കിൽ സ്വസ്ഥമായ എവിടെയെങ്കിലും മാറിയിരിക്കാൻ ശ്രമിക്കുക.

7. ദേഷ്യം തോന്നുമ്പോള്‍ മനസ്സിന് സമാധാനവും സന്തോഷവും നൽകുന്ന മറ്റേതെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ തിരിക്കുക.

8.അമിത ദേഷ്യവും ആകുലതയും ഉണ്ടെന്നുള്ള കാര്യം സ്വയം അംഗീകരിക്കുക. എന്തെങ്കിലും കാര്യത്തിന് ഉള്ളിൽ ദേഷ്യം അനുഭവപ്പെട്ടാൽ ആരെയും മുറിവേൽപ്പിക്കാത്ത രീതിയിൽ പ്രകടിപ്പിക്കുക.

9.മനസ്സിലെ വേദനകൾ, അസ്വസ്ഥതകൾ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കുന്നതും നല്ലതാണ്.തുറന്നസംസാരവും അതുവഴി മറ്റുള്ളവരിൽനിന്ന് ലഭിക്കുന്ന ആശ്വാസവും പിന്തുണയും മുന്നോട്ടുള്ള ജീവിതത്തെ ശക്തിപ്പെടുത്തും

10.മനസ്സ് അസ്വസ്ഥമാണെങ്കിൽ അക്കാര്യം ഒരു ഡയറിക്കുറിപ്പായി എഴുതുന്നതും നല്ലൊരു മാർഗമാണ്. വ്യക്തമായ വാക്കുകൾ ഇല്ലെങ്കിലും മനസ്സിൽ തോന്നുന്നത് അതേപടി എഴുതുക. ഇതിലൂടെ മനസ്സിൻ്റെ ഭാരം കുറയ്ക്കുവാനാകും.

മുകളിൽ പറഞ്ഞിരിക്കുന്ന ഈ ടെക്നിക്കുകളിൽ ചിലതെങ്കിലും ഒന്ന് പരീക്ഷിച്ചാൽ ദേഷ്യം നിയന്ത്രിച്ച് മികച്ച മാനസികാരോഗ്യം നിലനിർത്താൻ നമുക്ക് സാധിക്കും..

ചില ഘട്ടങ്ങളിൽ ഈ ടെക്നിക്കുകൾ കൊണ്ടും പ്രയോജനമില്ലെന്ന് കണ്ടാൽ ഒരു മടിയും കൂടാതെ ഒരു മാനസികാരോഗ്യവിദഗ്ധനെ സമീപിക്കേണ്ടതും അത്യാവശ്യമാണ്. എന്തെന്നാൽ ഈ ദേഷ്യം നമ്മുടെ മാനസികാരോഗ്യം തകർക്കുന്നതിനോടൊപ്പം ശാരീരിക പ്രവർത്തനങ്ങളെ പോലും മോശമായി ബാധിക്കുമെന്ന് തെളിയിക്കുന്ന നിരവധി പഠനങ്ങളും ഇന്ന് പുറത്തു വന്നിട്ടുണ്ട്.

ഒരു മനുഷ്യന് ദേഷ്യം വന്നാൽ അത് ഏറ്റവും കൂടുതല്‍ ദോഷമായി ബാധിക്കുന്നത് നമ്മുടെ ഹൃദയത്തെയാണ്. വല്ലാതെ ദേഷ്യപ്പെട്ടാല്‍ രണ്ടു മണിക്കൂറിന് ശേഷം ഹൃദയാഘാത സാധ്യത കൂടുന്നതായി പഠനങ്ങള്‍ പറയുന്നുണ്ട്. പുറത്തേയ്ക്ക് ദേഷ്യം പ്രകടിപ്പിയ്ക്കുന്നത് മാത്രമല്ല, ദേഷ്യം വന്ന് അത് ഉള്ളില്‍ ഒതുക്കിപ്പിടിയ്ക്കുന്നതും ഹൃദയത്തിന് ദോഷം തന്നെയാണ്.
ഇതിനുപുറമേ സ്ട്രോക്കിനുള്ള സാധ്യതയും ദേഷ്യം വർധിപ്പിക്കുന്നുണ്ട്. ദേഷ്യം വരുമ്പോൾ ടെന്‍ഷനും സ്‌ട്രെസുമെല്ലാം വര്‍ദ്ധിക്കുന്നത് ഹൃദയത്തിന് ഭാരമാകുന്നു. ഇതെല്ലാം തന്നെ സ്‌ട്രോക്ക് സാധ്യത വര്‍ദ്ധിപ്പിയ്ക്കും. മാത്രവുമല്ല ബി.പി കൂട്ടാന്‍ ഉള്ള പ്രധാന കാരണമാണ് ദേഷ്യം. ബി.പി കൂടുന്നത് സ്‌ട്രോക്ക് സാധ്യതയുണ്ടാക്കുന്ന ഒന്നാണ്.
ശരീരത്തിന്റെ പ്രതിരോധ ശേഷി നശിപ്പിയ്ക്കുന്നതിനും ദേഷ്യം കാരണമാകും. ദേഷ്യം ശരീരത്തിലെ ഇമ്മ്യൂൺ സിസ്റ്റത്തെ ബാധിക്കുന്നതിനാൽ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെട്ട് രോഗങ്ങൾ വരുന്നതിനും ഇത് കാരണമാകും.

വെറുമൊരു ദേഷ്യം നമ്മുടെ ശരീരത്തിനെയും മനസ്സിനെയും എത്ര തരത്തിലാണ് ബാധിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ.
മനസ്സിന്റെ നിയന്ത്രണവും മനുഷ്യബന്ധങ്ങളും തകർക്കുന്നതിനോടൊപ്പം അത് നമ്മുടെ ശരീരത്തെ പോലും കീഴ്പ്പെടുത്തും. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ഒന്ന് നന്നായി ചിന്തിച്ചാൽ ഈ ദേഷ്യമൊക്കെ നമുക്ക് തന്നെ കൺട്രോൾ ചെയ്യാമെന്നേ….ഇനി അതിന്റെ പേരിൽ ദേഷ്യപ്പെടണ്ട…

Leave a Comment

Your email address will not be published. Required fields are marked *