എന്തുകൊണ്ട് മധുരം കഴിക്കുന്നു ?
ഈ അടുത്ത നാളുകളിൽ ഒന്നിൽ ഒരു ഓൺലൈൻ ചാനലിന്റെ , സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു ടോക് ഷോയിൽ നിർദോഷമായി പറഞ്ഞ ഒരു കമന്റ് വിവാദം ആയിരുന്നു.മമ്മൂട്ടി അഭിനയിച്ച ഒരു സിനിമയുടെ പ്രമോഷൻ ആയിരുന്നു രംഗം. സഹ നടിയോട് മമ്മൂട്ടിയെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞ അവതാരകനോട്, താരം ചക്കര ആണെന്നായിരുന്നു നടിയുടെ മറുപടി, തിരിച്ച് എന്നെ പഞ്ചസാര എന്ന് വിളിച്ചില്ല എന്ന മമ്മുട്ടിയുടെ ചിരിയോടെയുള്ള മറുപടി ആയിരുന്നു വിവാദത്തിന്റെ ഹേതു….
ജീവിതത്തിൽ എന്റെ പഞ്ചാരേ …ചക്കരക്കട്ടി എന്ന് വിളിക്കാത്തവരും വിളി കേൾക്കാത്തവരും കുറവായിരിക്കും. മധുരങ്ങളോടുള്ള നമ്മുടെ ഇഷ്ടമാണ് ഇത്തരം വിളികൾക്ക് അടിസ്ഥാനം…..
എന്തുകൊണ്ടാണ് മധുരം കഴിക്കാൻ തോന്നുന്നത് ?
മധുരം കഴിക്കുമ്പോൾ വീണ്ടും കഴിക്കാൻ തോന്നാറില്ലെ ?
മധുരത്തോട് ആസക്തി തോന്നുന്ന ഒരുപറ്റം മനുഷ്യരെ നിങ്ങളുടെ ജീവിത പാതയിൽ കണ്ടിട്ടുണ്ടാവും ഒരുപക്ഷേ നിങ്ങളും അതിലൊരാളാകാം ജീവിതശൈലി രോഗങ്ങൾക്ക് പ്രധാന കാരണങ്ങളിലൊന്നായ മധുരം എന്തുകൊണ്ടാണ് ഒഴിവാക്കാൻ കഴിയാത്തത് ? ഒരു വ്യക്തി പഞ്ചസാര അടങ്ങിയ ആഹാരം കഴിക്കുമ്പോൾ തലച്ചോറ് വലിയ അളവിൽ ഡോപാമൈൻ ഉത്പാദിപ്പിക്കുന്നു. അതായത് അതിജീവനത്തിന് പ്രയോജനകരമാണെന്ന് തലച്ചോറ് കരുതുന്ന ഒരു പെരുമാറ്റത്തിൽ ഏർപ്പെടുമ്പോൾ (ആയിരക്കണക്കിന് വർഷത്തെ പരിണാമവും അടിസ്ഥാന സഹജാവ ബോധവും കാരണം), അത് ഡോപാമൈൻ എന്ന രാസ സിഗ്നൽ ഉത്പാദിപ്പിക്കുന്നു. ആനന്ദത്തിന്റെയും സന്തോഷത്തിന്റെയും വികാരങ്ങൾക്ക് കാരണമാകുന്ന രാസവസ്തുവാണ് ഈ ഡോപാമിൻ. ഹെറോയിൻ, കൊക്കെയ്ൻ തുടങ്ങിയ പദാർത്ഥങ്ങൾ കഴിക്കുമ്പോൾ മസ്തിഷ്കം പ്രതികരിക്കുന്ന രീതിക്ക് സമാനമാണിത്. ഇതിന് കാരണമായ് ശാസ്ത്ര ലോകം കരുതുന്നത് പരിണാമ കാലഘട്ടത്തിൽ വളർച്ചയ്ക്കായ്കാലക്രമേണ ഉയർന്ന കലോറിയുള്ള ഭക്ഷണങ്ങൾ തേടാൻ നമ്മുടെ ശരീരം പൊരുത്തപ്പെട്ടതാകാം.
മധുരം ഒട്ടും വേണ്ട എന്ന് വെയ്ക്കണമെന്നല്ലല്ല ഇവിടെ പറയുന്നത്. മധുരം പൂർണ്ണമായും ഇല്ലാതാകുന്ന അവസ്ഥയും നല്ലതല്ല, അങ്ങനെ ഒരു ആസക്തിയുള്ള അവസ്ഥയിലേയ്ക്ക് എത്താതിരിക്കാൻ ശ്രമിക്കുക എന്നതാണ്. അതിന് ആദ്യം നമ്മൾ സ്വയവും പിന്നീട് നമ്മുടെ ശരീരത്തേയും മാറ്റി എടുക്കുക എന്നതാണ്…! പഴമക്കാർ പറയുന്നത് പോലെ മധുരം അധികമായാലോ, അമ്യതും വിഷമാകും. മധുരത്തിന്റെ ചടിപ്പ് മാറ്റാൻ സദ്യകളിൽ അച്ചാർ നിർബന്ധമാക്കിയവരാണ് മലയാളികൾ. അത് കൊണ്ട് തന്നെ അധിക മധുരത്തെ നമ്മുടെ ശീലങ്ങളിൽ നിന്നും അകറ്റി നിർത്താം. ആരോഗ്യമുള്ള ശരീരം ആരോഗ്യമുള്ള സമൂഹത്തെ സ്യഷ്ടിക്കുമെന്നതൊർക്കാം….!