“പുഷ്പഗന്ധീ….സ്വപ്നഗന്ധീ…. പ്രക്യതീ നിന്റെ പച്ചിലമേടയിലന്തിയുറങ്ങാൻ എന്ത് രസം …”
വയലാറിന്റെ വരികളാണ്. കവി കാമുകിയെ വർണ്ണിക്കുയാണ്. പുഷ്പത്തിന്റെ, പ്രക്യതിയുടെ , ഗന്ധത്തോടാണ് കവിയുടെ ഉപമ. ഗന്ധവും മനുഷ്യ മനസ്സും തമ്മിൽ അത്രയേറെ ബന്ധമാണ്.
ഗന്ധത്തിന് മനുഷ്യൻറെ മനസ്സുമായി ആഴമേറിയതും സങ്കീർണ്ണവുമായ ബന്ധമുണ്ട്. ഓരോ മനുഷ്യനും ഓരോ ഗന്ധമുണ്ടെന്നാണ് പറയുന്നത്. ഫിംഗർപ്രിന്റ് പോലെ, ഓരോ നാടിനും ആ ഗന്ധമുണ്ട്.കേരളത്തിന്റെ ഗന്ധമല്ല, തമിഴ്നാടിന്, അതല്ല ഗോവയ്ക്ക്, അങ്ങനെ ഓരോ മനുഷ്യർക്കുമെന്ന പോലെ ഓരോ നാടിനും ഗന്ധമുണ്ട്. മനുഷ്യർക്കും നാടിനും മാത്രമല്ല, ഓരോ ജീവജാലകങ്ങൾ, ഇണയെ തിരിച്ചറിയാൻ മുതൽ ഇര പിടിക്കാനും സ്വയം രക്ഷയ്ക്കും വരെ ഗന്ധം ഓരോ തരത്തിൽ ബന്ധപ്പെട്ട് കിടക്കുന്നു.പോലീസ് നായ കുറ്റവാളികളെ തിരിച്ചറിയുന്നത് ഗന്ധം മുഖേനെയാണ് . ഗന്ധത്തെക്കുറിച്ച് പറഞ്ഞാലും എഴുതിയാാലും തീരത്തത്രയുണ്ട്.
ഗന്ധങ്ങൾ മനുഷ്യൻറെ മാനസിക നിലയെ നേരിട്ട് തന്നെ സ്വാധീനിക്കുന്നുണ്ട് എന്നാണ് ആധുനിക പഠനങ്ങൾ വ്യക്തമാക്കുന്നത്. വികാരങ്ങളെയും പെരുമാറ്റങ്ങളെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ലിംബിക് സിസ്റ്റത്തിന് നമ്മുടെ മണം തിരിച്ചറിയാനുള്ള ശാരീരിക വ്യവസ്ഥയുമായി ശക്തമായ ബന്ധമുണ്ട് അതുകൊണ്ടുതന്നെ നമ്മളിൽ നിറയുന്ന ഓരോ ഗന്ധവും ചിന്തകളെയും വൈകാരിക പ്രതികരണങ്ങളെയും നേരിട്ട് ബാധിക്കുന്നുണ്ട്.
നിങ്ങൾ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ അറിയാം നിങ്ങളുടെ ഗൃഹാതുരത്വമാർന്ന ഓർമ്മകൾ ചില ഗന്ധങ്ങളുമായി ചേർന്നിരിക്കുന്നത്. കേൾവിയോ കാഴ്ചയോ ഇടപെടുന്നതിനേക്കാൾ അതിശക്തമായ് ഈ വാസനകൾ നിങ്ങളിൽ സംതൃപ്തിയും ശാന്തതയും ഒരുപക്ഷേ പരിഭ്രാന്തിയും നിറഞ്ഞ മാനസിക അവസ്ഥയിലേക്ക് കൊണ്ടുപോകാറുണ്ട്. ആധുനിക മനശാസ്ത്രത്തിൽ സൗരഭ്യം മാർന്ന നേർത്ത ഗന്ധങ്ങളാൽ തെറാപ്പി റൂമുകൾ സുരഭിലമാക്കുന്നത് കൂടുതൽ ഗുണം ചെയ്യുന്നു എന്ന് പറയുന്നുണ്ട്.
കടന്ന് പോയ കോവിഡ് മഹാമാരിയിൽ അസുഖം ബാധിച്ചവർ ഏറ്റവും അധികം വേവലാതിപ്പെട്ടത് ഗന്ധം തിരിച്ചറിയാൻ കഴിയുന്നില്ല എന്നോർത്തായിരുന്നു. പലർക്കും അത് തിരിച്ച് കിട്ടിയത് ഏറെ നാളുകൾക്ക് ശേഷമായിരുന്നു എന്നതും ഓർമ്മയിൽ ഉണ്ടാകണം