ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലത്തു എന്റെ ഒരു പ്രിയപെട്ട ടീച്ചർ ഉണ്ടായിരുന്നു. കുട്ടികൾക്കെല്ലാം സാധാരണ വിഷമമുള്ള വിഷയം കണക്കാണല്ലോ , ടീച്ചറാകട്ടെ കണക്കു ടീച്ചർ ആയിരുന്നു . ടീച്ചർ ഓരോ കണക്കും പഠിപ്പിച്ചിട് ചോദ്യം ഇടുകയും ഇതിനു ആദ്യം ഉത്തരം നൽകുന്ന കുറച്ചു പേർക്ക് മാർക്കു നൽകുകയും ചെയ്യുമായിരുന്നു . ഈ മാർക്കിന് വേണ്ടി ഓരോ കുട്ടിയും മത്സര ബുദ്ധിയോട് കൂടി പഠിക്കും ടീച്ചർ ഒരിക്കലും അടിക്കുകയോ വഴക്കു പറയുകയോ ചെയ്തിട്ടില്ല . എന്നിട്ടും കുട്ടികൾ വളരെ നിശബ്ദരായി അടുത്ത കണക്കിനായ് കാത്തിരിക്കുമായിരുന്നു.ഇതിനെ നമ്മൾക്ക് rewarding സിസ്റ്റം എന്ന് പറയാം . ഓരോ സമ്മാനം കിട്ടുമ്പോളും വീണ്ടും വീണ്ടും കിട്ടാൻ വേണ്ടി ഉള്ള ആഗ്രഹം തലച്ചോറിൽ നിർമിക്ക പ്പെടുകയും അങ്ങനെ നമ്മൾക്ക് വേണ്ട രീതിയിൽ അവരെ വളർത്തി എടുക്കാനും കഴിയും
എങ്ങനെയാണ് ഈ റിവാർഡിംഗ് സിസ്റ്റം വളർത്തി എടുക്കുക എന്നതിന് ചില മാർഗ്ഗങ്ങൾ ഞാൻ പറയാം. ആദ്യമായ് കുട്ടികളിൽ വളർത്തിയെടുക്കേണ്ട ഗുണങ്ങളുടെ ഒരു പട്ടിക നിർമിക്കുക, ഉദാഹരണത്തിന് കളിപ്പാട്ടങ്ങൾ പങ്കിടുക, മാന്യമായ ഭാഷ ഉപയോഗിക്കുക, ചെറിയ ജോലികൾ പൂർത്തിയാക്കുക എന്നിങ്ങനെ അവരിൽ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്ന ലളിതമായ ജോലികളുടെയും പെരുമാറ്റങ്ങളുടെയും ഒരു പട്ടിക തയ്യാറാകണം. അടുത്തതായി ഒരു വർണാഭമായ പേപ്പർ ചാർട്ട് നിർമിക്കണം, സ്റ്റിക്കറുകൾ, മാർക്കറുകൾ, അവർക്കു പ്രിയപ്പെട്ട സൂപ്പർഹീറോകളുടെ ചിത്രങ്ങൾ എന്നിവയൊക്കെ ഉപയോഗിച്ച് അത് അലങ്കരിക്കണം ഓരോ തവണയും നമ്മൾ ആഗ്രഹിച്ച പെരുമാറ്റം പ്രകടിപ്പിക്കുമ്പോൾ, ചാർട്ടിൽ ഒരു സ്റ്റിക്കർ ഒട്ടിയ്ക്കാം. അങ്ങനെ നിശ്ചിതമായ എണ്ണം സ്റ്റിക്കർ നേടുമ്പോൾ അത് ഒരു ചെറിയ സമ്മാനമായി മാറണം ഉദാഹരണത്തിന് ഇത്ര സ്റ്റിക്കർ നേടുമ്പോൾ ഒരു ചോക്ലേറ്റ് എന്നിങ്ങനെ ഒക്കെ , കുറച്ചു കൂടി സമ്മാനങ്ങൾ നേടുമ്പോൾ ഇഷ്ടമുള്ള പാർക്കിൽ പോകുക എന്നിങ്ങനെ നീണ്ടു പോകണം. ഇങ്ങനെ ഉണ്ടാകുന്ന ഓരോ നേട്ടങ്ങളെയും ആഘോഷിക്കാൻ തുടങ്ങണം ഉദാഹരണത്തിനു ഈ ചാർട്ട് പ്രത്യേക ഒരു നാഴിക കല്ലിൽ എത്തുമ്പോൾ കുടുംബം ഒന്നാകെ ഒരുമിച്ചു ആഘോഷിക്കുകയും അവരെ പുകഴ്ത്തുകയും വേണം . ഇതിലൂടെ കുട്ടികളുടെ തലച്ചോറിൽ റിവാർഡിംഗ് സജീവമാകും. അങ്ങനെ ചാർട്ടിലെ കാര്യങ്ങൾ കൂടുതൽ ചെയ്യാനുള്ള ശ്രമം അവരുടെ തലച്ചോറിൽ സജീവമാക്കും .
എന്നാൽ ഇത് അത്ര എളുപ്പമാണോ എന്ന് ചോദിച്ചാൽ അല്ല തന്നെ സ്ഥിരതയും ക്ഷമയും ഒരുപാടു ആവശ്യമുള്ള ഒരു മാർഗമാണിത് എന്നത് തീർച്ച. പോസിറ്റീവ് സ്വഭാവങ്ങളെ സ്ഥിരമായി ശക്തിപ്പെടുത്തുകയും ഉടനടി പ്രതിഫലം നൽകാനും ഒരിക്കലും മറക്കരുത് . മാറ്റത്തിന് സമയമെടുക്കുമെന്ന് മനസ്സിലാക്കി കുഞ്ഞുങ്ങളെ ക്ഷമയോടെ ചേർത്ത് പിടിക്കുക . നമ്മൾ ഉണ്ടാകുന്ന ചാർട്ട് കുട്ടികളുടെ വളർച്ചയുടെയും പക്വതയുടെയും പ്രതീകമായി മാറും തലച്ചോറിന്റെ പ്രതിഫലദായക സംവിധാനത്തിലൂടെ കുട്ടികളിൽ നല്ല പെരുമാറ്റം വളർത്തിയെടുക്കുന്നത് സ്റ്റിക്കറുകളും മിഠായികളും മാത്രമല്ല, മറിച്ച് സ്നേഹവും പിന്തുണയും പ്രോത്സാഹനവും നിറഞ്ഞ ഒരു നല്ല അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കൂടിയാണ്. അങ്ങനെ, ഒരു കുട്ടിക്ക് വളരാനും ദയയും ഉത്തരവാദിത്വ ബോധവും നല്ല പെരുമാറ്റമുള്ള വ്യക്തിയായി വികസിക്കാനും കഴിയും.