പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട്, നല്ലയാളാ…സ്നേഹിച്ചാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ ഞെക്കിക്കൊല്ലും എന്ന്, കക്ഷി റിലേഷൻഷിപ്പ് ഉള്ള സമയത്ത് ഭയങ്കരമായി നമ്മളെ സ്നേഹിക്കും എന്ന് സൂചിപ്പിക്കാനാണ് ഇത് പറയുക.
എന്തിനാണ് അങ്ങനെ ഒരു ബന്ധം, നമുക്ക് വേണ്ടത് സ്നേഹിച്ചാലും അല്ലങ്കിലും കൊല്ലുന്നയാളെയല്ല, അങ്ങനെയുള്ള ബന്ധം നിലനിൽക്കുകയുമില്ല, ഭാവിയിൽ നമ്മുടെ ജീവിതത്തിലെ വലിയ ശത്രുവായി വരുന്നത് ഇത്തരം ആൾക്കാർ ആയിരിക്കും. സ്നേഹിച്ച് കൊല്ലുന്നവരോ,വെറുപ്പിച്ച് കൊല്ലുന്നവരോ ആയി അല്ല ബന്ധം സ്ഥാപിക്കേണ്ടത്. നമുക്കൊപ്പം നമ്മളെ അറിഞ്ഞ് നിൽക്കുന്നവരെ ആണ്.
അയാളെ മാറ്റി എടുക്കാം എന്ന് കരുതി ആ ബന്ധം തുടരുന്നതും അപകടമാണ്. കാരണം അയാളെ മാറ്റി എടുക്കാൻ നമ്മൾ നടത്തുന്ന ശ്രമങ്ങൾക്ക് ആൾക്ക് പോസിറ്റീവായി തോന്നണമെന്നില്ല, തെറ്റിദ്ധരിക്കപ്പെടുകയോ, ആവശ്യമില്ലാതെ ഡിസ്റ്റർബ് ചെയ്യുന്നതായോ തോന്നിയേക്കാം.അത് ബന്ധത്തെ വഷളാക്കുകയും, മാനസികമായി നമുക്ക് ബുദ്ധിമുട്ട് സ്യഷ്ടിക്കുകയും ചെയ്യും.
കൂടുതൽ അപകടത്തിലേയ്ക്ക് നീങ്ങുന്നതിന് മുന്നേ അത്തരം ബന്ധങ്ങൾ ഒഴിവാക്കുന്നതാകും ഉചിതം. ഒരാളുടെ ക്യാരക്ടർ അത് ഉറച്ച് പോയതായിരിക്കും. പുറമേയ്ക്ക് അങ്ങനെ അല്ല എന്ന് ഭാവിച്ചാലും എപ്പോഴെങ്കിലും അത് പുറത്തേയ്ക്ക് വരും. അന്ന് ഒഴിവാക്കാൻ നോക്കുമ്പോൾ അത് സാധിക്കാതെ വരിക മാത്രമല്ല, നഷ്ടങ്ങളും ഉണ്ടായേക്കാം. അവിടെ കാര്യങ്ങൾ മുൻകൂട്ടി കാണുക എന്നതാണ് കാര്യപ്രസക്തം. അയാൾക്ക് എന്ത് തോന്നും എന്ന് കരുതി അതിൽ അറച്ച് നിൽക്കേണ്ടതുമില്ല. കാരണം അത് പോലെയോ, അതിന് മുകളിലോ ആണ് നമ്മൾ എന്ന വ്യക്തിയും.സ്വർണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മേലെ ചാഞ്ഞാൽ മുറിച്ച് മാറ്റണം എന്ന് പറയാറുണ്ട് പണ്ടുള്ളവർ. ബന്ധങ്ങളിലും ഇത് ബാധകമാണ്.