ആളുകളുടെ ശ്രദ്ധ ആകർഷിക്കാൻ എന്തും ചെയ്യാൻ റെഡി ; തിരിച്ചറിയണം ഈ മാനസിക വൈകല്യ ലക്ഷണങ്ങൾ

എവിടെയെങ്കിലും ചെന്നാൽ അവിടെ താനായിരിക്കണം മെയിൻ. കാണുന്നവരെല്ലാം ശ്രെദ്ധിക്കണം അംഗീകരിക്കണം അതിനായി എന്ത് ചെയ്യുവാനും റെഡി. ഇത്തരത്തിൽ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളുകളെ എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മളെല്ലാവരും കണ്ടുട്ടുണ്ടാകുമല്ലേ. എന്നാൽ ഇതെല്ലാം ഒരു മാനസിക വൈകല്യത്തിന്റെ ലക്ഷണമാണെന്ന് തിരിച്ചറിയുന്നവർ വിരളമാണ്. ഹിസ്‌ട്രിയോണിക് പേഴ്‌സണാലിറ്റി ഡിസോർഡർ (എച്ച്‌പിഡി) എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.

രൂപഭാവത്തിൽ ശ്രദ്ധ ആകർഷിക്കുവാൻ ശ്രമിക്കുക, അമിതമായി വൈകാരിക പ്രകടനങ്ങൾ നടത്തുക, ഒരു പരിചയവും ഇല്ലാത്തവരോട് പോലും കൂടുതൽ അടുപ്പം കാണിക്കുന്നത് പോലെ പെരുമാറുക, മറ്റുള്ളവരുടെ അംഗീകാരവും ശ്രദ്ധയും പിടിച്ചു പറ്റുന്നതിനായി അമിതാഭിനയം, കരച്ചിൽ, ശാഠ്യം തുടങ്ങിയ രീതിയിലുള്ള പെരുമാറ്റങ്ങൾ എന്നിവയാണ് ഇത്തരം മാനസിക വൈകല്യമുള്ളവരിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ.

ഒരു പൊതു ഇടത്തിലെത്തിയാൽ അവിടെ തന്നെ ആരും ശ്രദ്ധിച്ചില്ലെങ്കിൽ വിലയില്ലാതാകുമെന്നും അവഗണിക്കപ്പെടുമെന്നുമൊക്കെയാണ് ഇത്തരം ആളുകളുടെ ചിന്താഗതി. ഇങ്ങനെയുള്ള സാഹചര്യത്തിൽ ശ്രദ്ധ പിടിച്ചു പറ്റുവാനായി പ്രകോപനപരമായോ ഭിന്ന രീതിയിലോ ഒക്കെ പെരുമാറുവാൻ പോലും ഇക്കൂട്ടർ മടിക്കില്ല. ചില സാഹചര്യങ്ങളിൽ ലൈംഗിക സൂചനകളിലൂടെ പോലും ഇവർ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രെമിക്കും. ഒരു പ്രതിബദ്ധതയും പുലർത്താതെയുള്ള പ്രണയ, സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിച്ചുകൊണ്ട് ജോലിസ്ഥലത്തും കോളേജിലും ക്ലബിലുമൊക്കെ മെയിൻ ആകാൻ ശ്രമിക്കുന്നവരുമുണ്ട് ഈ കൂട്ടത്തിൽ.

എന്നാൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ എച്ച്‌പിഡിയുള്ളവർ നടത്തുന്ന ഈ പരാക്രമങ്ങൾ പലപ്പോഴും വിപരീതഫലമാണ് ഉണ്ടാക്കാറുള്ളത്. ഇത്തരം സ്വഭാവം പലപ്പോഴും മറ്റുള്ളവരുമായി ഒരു ദൃഢമായ ബന്ധം നിലനിർത്താനുള്ള അവസരം പോലും ഇല്ലാതാക്കും. ചില അവസരങ്ങളിൽ അവർ സമൂഹത്തിൽ ഒറ്റപ്പെടുന്ന സാഹചര്യം പോലും ഉണ്ടാകാം.

ഒരു മാനസികാരോഗ്യ വിദഗ്ധന്റെ മേൽനോട്ടത്തിൽ ചിട്ടയായ ചികിത്സ നൽകിയാൽ എച്ച്‌പിഡി രോഗികളെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ സാധിക്കും. പക്ഷേ ഇത്തരം വ്യക്തികൾ പലപ്പോഴും അവരുടെ അസുഖം തിരിച്ചറിയില്ലെന്നു മാത്രമല്ല ചികിത്സയെ എതിർക്കുകയും ചെയ്യും. അതുകൊണ്ട്തന്നെ ചികിത്സാപ്രക്രിയ എളുപ്പത്തിലാക്കാൻ രോഗിയുടെ കുടുംബത്തെ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. മരുന്നുകളെക്കാൾ ഉപരി തെറാപ്പിയാണ് ഇത്തരം അവസ്ഥകൾക്ക് കൂടുതൽ നല്ലത്. നെഗറ്റീവ് ചിന്താഗതികൾ മാറ്റി മികച്ച മാനസികാരോഗ്യം പ്രധാനം ചെയ്യുന്ന കോഗ്നിറ്റീവ്-ബിഹേവിയറൽ തെറാപ്പി (സിബിടി)യാണ് ഇതിന് കൂടുതൽ മികച്ചത്. ചില സന്ദർഭങ്ങളിൽ മരുന്നുകൾ നൽകേണ്ടിയും വരാം.

ജനിതക ഘടകങ്ങളിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയുമൊക്കെയാണ് ഒരാൾ ഈ അവസ്ഥയിലേക്ക് എത്തിപ്പെടുന്നത്. ചില സാഹചര്യങ്ങളിൽ ബാല്യകാലത്തിൽ മനസ്സിനേറ്റ ശക്തമായ അവഗണനയും അനുഭവങ്ങളും എച്ച്‌പിഡി അവസ്ഥയ്ക്ക് കാരണമാകും. ഇത്തരക്കാരിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗവും ഭക്ഷണക്രമക്കേട്, വിഷാദം തുടങ്ങിയ കാര്യങ്ങളൊക്കെ അവസ്ഥ കൂടുതൽ വഷളാക്കും. അതുകൊണ്ടുതന്നെ രോഗം എത്ര നേരത്തെ കണ്ടുപിടിക്കാൻ സാധിക്കുന്നുവോ അത്രയും നല്ലത്.

Leave a Comment

Your email address will not be published. Required fields are marked *