“അല്ലെങ്കിലും നിനക്ക് ഞാൻ പറയുന്ന കാര്യങ്ങളോട് താല്പര്യമില്ലല്ലോ ? ഈയിടെയായി ഞാൻ ചെയ്യുന്ന കാര്യങ്ങളൊന്നും നീ കാണുന്നില്ലല്ലോ?” എന്നു തുടങ്ങി, “അച്ഛൻ്റേയും അമ്മയുടേയും താല്പര്യങ്ങൾക്ക് ഒന്നിനും നിനക്ക് വിലയില്ലല്ലോ?” എന്നുവരെയുള്ള എത്ര ചോദ്യങ്ങൾ നിങ്ങൾ ദിനംപ്രതി നേരിടാറുണ്ട്. മറ്റൊരാളുടെ താത്പര്യങ്ങൾക്ക് അനുശ്രതമായ് സ്വന്തം ആഗ്രഹങ്ങളും താല്പര്യങ്ങളും മാറ്റി വെയ്ക്കേണ്ടി വന്നിട്ടുണ്ടോ ?
അറിഞ്ഞോ അറിയാതെയോ ഇങ്ങനെയുള്ള ഇമോഷണൽ മാനിപ്പുലേഷൻ നേരിടേണ്ടി വന്നിട്ടുള്ള (ഇപ്പോഴും നേരിടേണ്ടി വരുന്ന) വ്യക്തികളാണ് നമ്മളോരോരുത്തരും.
ദൈനം ദിന ജീവിതത്തിൽ നേരിടേണ്ടി വരുന്ന പല തരത്തിലുള്ള ഇമോഷണൽ മാനിപ്പുലേഷനുകൾ ഏതൊക്കെയാണെന്ന് പരിശോധിയ്ക്കാം
മറ്റൊരാളിൽ കുറ്റബോധം നേരിട്ടുണ്ടാക്കുവാനുള്ള ശ്രമം. നിങ്ങൾക്കായി എന്തെങ്കിലും ത്യാഗം ചെയ്തുവെന്നോ അല്ലെങ്കിൽ ത്യജിച്ചെന്നോ നിരന്തരമായി അവകാശപ്പെട്ടുകൊണ്ടിരിക്കുക.
(ഞാൻ എൻ്റെ മുഴുവൻ പ്ലാനുകളും വേണ്ടന്ന് വച്ചിട്ടാണ് ഈ കാര്യത്തിന് വന്നത് എന്ന് നിരന്തരമായി പറയാറുള്ള ഒരാൾ)
Gaslighting : നിങ്ങൾ സ്വയം സംശയിക്കാനിടയാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാൻ മറ്റൊരാൾ ശ്രമിക്കുന്നതാണ് ഈ പ്രവണത. ഒരാൾ സ്വാഭാവികമായി ചെയ്യുന്ന കാര്യങ്ങളെ പുനർചിന്തിക്കാനും, ചെയ്യാത്ത തെറ്റുകൾ താൻ ചെയ്തുവെന്ന് തോന്നലുണ്ടാക്കുവാനും ഈ രീതിയിലൂടെ കാരണമാകുന്നു
(എന്നേക്കാളും നിങ്ങൾക്ക് ആ സുഹൃത്തിനോടൊപ്പം സമയം ചെലവഴിക്കാനാണല്ലോ ഇഷ്ടം. എൻ്റെ താല്പര്യങ്ങൾക്ക് മുകളിലല്ലേ നിങ്ങൾക്ക് അയാൾ… തുടങ്ങിയ സംഭാഷണങ്ങൾ)
ഭീഷണി. നിങ്ങൾ മാനിപ്പുലേറ്ററെ അനുസരിക്കാൻ തയ്യാറാകാത്തവിധം, നിങ്ങൾക്ക് താല്പര്യമില്ലാത്ത കാര്യങ്ങൾ അയാൾ ചെയ്യും എന്ന തരത്തിലുള്ള ഭീഷണികൾ
(നീ ഇവിടെ വരും വരെ ഞാൻ ഭക്ഷണം കഴിക്കില്ല എന്ന് തുടങ്ങി… ആത്മഹത്യപോലും ചെയ്തേക്കും എന്നുള്ള ഭീഷണികൾ)
Love Bombing : മിക്കപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ച ശേഷം സ്നേഹം കൊണ്ട് ചൊരിയുകയോ, നിങ്ങൾക്ക് ലഭിക്കാവുന്ന സ്നേഹത്തിൻ്റെ ഏക ഉറവിടം താനാണെന്ന് മാനിപ്പുലേറ്റർ വരുത്തിതീർക്കുകയോ ചെയ്യുന്നതാണ് ഈ രീതി. നിങ്ങൾ ചോദ്യം ചെയ്തേക്കും എന്നു തോന്നിയേക്കാവുന്ന സമയങ്ങളിൽ, സ്നേഹപ്രകടനത്തിലൂടെ ആ സാഹചര്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതും മാനിപ്പുലേറ്ററുടെ ഒരു രീതിയാണ്
Name Calling : നിങ്ങളുടെ ആത്മാഭിമാനത്തെ നിങ്ങളറിയാതെ പരിക്കേൽപ്പിക്കുന്ന പ്രവണതയായി ഇതിനെ കണക്കാക്കാം. മോശം വാക്കുകൾ നിങ്ങളെ അഭിസംബോധന ചെയ്യാനുപയോഗിക്കുക. മാനിപ്പുലേറ്ററുടെ സ്നേഹത്തെ അർഹിക്കാൻ യോഗ്യതയില്ലാത്ത ഒരാളായി നിങ്ങളെ ചിത്രീകരിക്കുക, തുടങ്ങിയവയാണ് ഈ രീതിയിലെ ഉദാഹരണങ്ങൾ
ഇവ ചെയ്യുന്നതിലൂടെ മറ്റാരാൾക്ക് എന്ത് കിട്ടുമെന്ന് നിങ്ങൾ തോന്നുക സ്വാഭാവികമാണ്. പക്ഷേ മറുവശത്തു നിൽക്കുന്നയാൾ ഈ പ്രവണതകൾ പലതും പ്രയോഗിക്കുക വഴി തന്നിലേക്ക് കൂടുതൽ കൃതൃമമായി അടുപ്പിക്കുകയും, അയാളിൽ കാര്യമായ സ്വാധീനം ചെലുത്തുകയും ചെയ്യുന്നതിലൂടെ മാനിപ്പുലേറ്റർക്ക് ഒരാളെ താൻ നിയന്ത്രിക്കുന്നു അല്ലെങ്കിൽ Control ചെയ്യുന്നു എന്ന തോന്നലുണ്ടാക്കുന്നു. ഇത് ചിലപ്പോഴൊക്കെ അവരറിയാതെ പോലും ഒരു ആത്മസംതൃപ്തിക്ക് കാരണമാകുന്നു.
തങ്ങൾ ഇമോഷണൽ മാനിപ്പുലേഷനു വിധേയരാകുന്നുവെന്ന് സാധാരണ രീതിയിൽ ആരും തിരിച്ചറിയാറില്ല, അല്ലെങ്കിൽ അവർ മറ്റൊരാൾ പറയുന്ന കാര്യത്തെ ആ ആംഗിളിലൂടെ ചിന്തിക്കുവാൻ ശ്രമിക്കാറില്ല. അതുപോലെ തന്നെ, മറുവശത്തു നിൽക്കുന്നയാളെ താൻ ഇമോഷണലി മാനിപ്പുലേറ്റ് ചെയ്യുകയാണെന്ന ധാരണ മാനിപ്പുലേറ്റർക്കും ഉണ്ടാവണമെന്നില്ല . പക്ഷേ ഇങ്ങനെ അറിഞ്ഞോ അറിയാതെയോ, മറ്റൊരാളിലേക്ക് തൻ്റെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് മറുവശത്തുള്ളയാളുടെ മാനസികാരോഗ്യത്തെ വളരെ ഹാനികരമാക്കാൻ സാധ്യതയുള്ള ഒരു സംഗതിയാണ്
ഇമോഷണൻ മാനിപ്പുലേഷനിലൂടെ കടന്നു പോകുക എന്നത് ഒരാളിൽ ആത്മാഭിമാനം നഷ്ടപ്പെടൽ, ഉത്കണ്ഠ, വിഷാദം, വിശ്വാസക്കുറവ് തുടങ്ങിയ മാനസികപ്രശ്നങ്ങൾ വളരെവേഗം ഉണ്ടാക്കാൻ കഴിയുന്നത്ര ശക്തമായ ഒരവസ്ഥയാണ്.
ഇമോഷണൽ മാനിപ്പുലേഷനിലൂടെ കടന്നുപോയശേഷം അതിനെ മറികടക്കാൻ കഴിയാത്ത ഒരാളാണ് നിങ്ങളെങ്കിൽ ഒരു തെറാപ്പിസ്റ്റിനെ കാണുന്നത് അനുയോജ്യമാണ്. അതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ ഭാഗത്തേയും മാനിപ്പുലേറ്ററുടെ ഭാഗത്തേയും സത്യാവസ്ഥകൾ തിരിച്ചറിയാനും ആത്മാഭിമാനവും ധൈര്യവും വീണ്ടെടുക്കാനും കഴിയും. നിങ്ങൾക്കറിയാവുന്ന ആരെങ്കിലും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നുവെങ്കിൽ അയാളെ സഹായിക്കാനും, ക്ലിനിക്കൽ സഹായം തേടാവുന്നതാണ് . മാനിപ്പുലേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാൾക്ക് അത് തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. അയാളെ സഹായിക്കാൻ കഴിഞ്ഞാൽ അത് അവരുടെ ജീവിതത്തെപ്പോലും മാറ്റിമറിക്കുന്ന ഒരു ടേണിംഗ് പോയിൻ്റ് ആയേക്കാം . . .