മനഃശാസ്ത്രവും മിഥ്യാധാരണകളും

ഒരു ദിവസം തന്നെ പ്രധാനവും അപ്രധാനവുമായ പല കാര്യങ്ങളും നമ്മൾ കാണുകയും വായിച്ചറിയാറുമുണ്ടല്ലോ… അവയിൽ തന്നെ വിശ്വാസനീയമായ ഒരുപാട് മിഥ്യകളും, വിശ്വസിക്കാനാകാത്ത ഒരുപാട് സത്യങ്ങളുമുണ്ടായേക്കാം…

നമുക്ക് കേട്ട് പഴകിയ കുറച്ചു മിഥ്യകൾ ഏതൊക്കെയാണ് എന്ന് നോക്കിയാലോ. അവയൊക്കെ മിഥ്യകളാണെന്ന് തിരിച്ചറിഞ്ഞാൽ മാത്രം പോരാ, ഇനിയും സത്യമാണെന്ന് വിശ്വസിക്കുന്നവരോട് പങ്കുവയ്ക്കുകയും, അവരേയും ബോധവാന്മാരാക്കുകയും വേണം

1. കുറച്ചാളുകൾ തലച്ചോറിൻ്റെ വലതുവശം കൂടുതൽ ഉപയോഗിക്കുന്നവരും, മറ്റു ചിലർ ഇടതുവശം കൂടുതലായി ഉപയോഗിക്കുന്നവരുമാണ്

തലച്ചോറിൻ്റെ ഏതെങ്കിലും ഒരു വശത്തിന് കൂടുതൽ സ്വാധീനമുള്ളവരാണ് എല്ലാവരും എന്ന ഒരു സംഗതി വായിച്ചോ കേട്ടോ വിശ്വസിച്ചു പോരുന്നവരുണ്ടാവാം…. എന്നാൽ ഇത് പാടേ തെറ്റായ ഒരു പ്രസ്താവനയാണ്. സർഗ്ഗാത്മകതയുള്ളവർ വലതുവശവും, വിശകലനപരമായ കഴിവുകളുള്ളവർ ഇടതുവശവും കൂടുതൽ ഉപയോഗിച്ചു പോരുന്നു എന്നൊക്കെയുള്ള വാസ്തവ വിരുദ്ധമായ കാര്യങ്ങൾ നിങ്ങളും കേട്ടിട്ടുണ്ടാകാം…

ഇതിൻ്റെ ശരിക്കുള്ള വസ്തുത എന്താണെന്നാൽ, മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളാണ് അതുകൊണ്ടുതന്നെ നമ്മളെല്ലാവരും തലച്ചോറിന്റെ ഇരുവശങ്ങളും പല പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തുല്യമായിതന്നെയാണ് ഉപയോഗിക്കുന്നത്

2. വിപരീതങ്ങൾ ആകർഷിക്കുന്നു അഥവാ Opposites Attract

മനുഷ്യർ കാന്തങ്ങൾ പോലെയാണ്, വിപരീതങ്ങളുള്ളവരിലേക്ക് നയിക്കപ്പെടുന്നു എന്നത് ഒരു പോപ്പുലറായ വിശ്വാസമാണ്. ഇത് ശരിയല്ലെന്ന് മാത്രമല്ല, ഇന്നും പലരും വിശ്വസിക്കുന്ന കടുത്ത തെറ്റിദ്ധാരണ കൂടിയാണ്. ഒരുമിച്ചു ജീവിക്കുന്ന പങ്കാളികളെ കണക്കിലെടുത്താണ് പറയുന്നതെങ്കിൽക്കൂടി സമാന താല്പര്യങ്ങളുള്ള
ദമ്പതികളെക്കാൾ എത്രയോ കുറവാണ് വിപരീത താല്പര്യങ്ങളുള്ളവർ.

ടിവി ഷോകളും സിനിമകളും പരസ്പരം യോജിച്ച വിപരീത സ്വഭാവ സവിശേഷതകളുള്ള ദമ്പതികളെ നമുക്ക് മുന്നിൽ അവതരിപ്പിക്കുകയും, അതിൽ അധികമായ സൌന്ദര്യമുണ്ടെന്ന് കാണിക്കുകയും ചെയ്യുന്നതൊക്കെ ഈ തെറ്റിദ്ധാരണ വർദ്ധിപ്പിക്കാൻ ചെറുതല്ലാത്ത രീതിയിൽ കാരണമായിട്ടുണ്ട്.

ശരിയായ വസ്തുതയെന്തെന്നാൽ മനുഷ്യർ സാധാരണയായി തങ്ങളെ ചുറ്റിപ്പറ്റി നിൽക്കുന്നവരേയും, അവരുമായി സാമ്യമുള്ളവരുമായുമാണ് സൗഹൃദവും ബന്ധവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നത്. താൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ തൻ്റെ സുഹൃത്തോ പങ്കാളിയോ ഇഷ്ടപ്പെടുന്നുവെന്നത് സ്വാഭാവികമായും അവരിലേക്കുള്ള അടുപ്പം വർദ്ധിപ്പിക്കാനുള്ള കാരണമാവുകയും ചെയ്യുന്നു.

3. എല്ലാ മാനസിക പ്രശ്നങ്ങളുടേയും അടിത്തറ മസ്തിഷ്കത്തിലെ രാസ അസന്തുലിതാവസ്ഥയാണ്.

രാസ അസന്തുലിതാവസ്ഥ അഥവാ Chemical imbalance ചില തരത്തിൽ നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കാറുണ്ട് എന്നത് ശരിയാണ്. എന്നിരുന്നാലും, ഈ രാസ അസന്തുലിതാവസ്ഥ മൂലമാണ് മനഃശാസ്ത്രപരമായ എല്ലാ അസുഖങ്ങളും ഉണ്ടാകുന്നതെന്ന് അടിസ്ഥാനമില്ലാത്ത ഒരു പ്രസ്താവനയാണ്.

ഉത്കണ്ഠ (Anxiety) , വിഷാദം (Depression) , സ്കീസോഫ്രീനിയ (schizophrenia) എന്നിവ തലച്ചോറിലെ രാസ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ചില മാനസിക വൈകല്യങ്ങളാണ്. എന്നിരുന്നാലും, അസന്തുലിതാവസ്ഥ മാത്രമല്ല ഈ അവസ്ഥകളിലേക്ക് സംഭാവന നൽകുന്ന ഘടകം.
പരിസ്ഥിതിയും ജനിതക സ്വാധീനവും ചെറുതല്ലാത്ത ഒരു പങ്ക് ഈ അവസ്ഥകൾ വന്നു ചേരുന്നതിലേക്ക് നയിക്കുന്നു. മാനസിക രോഗത്തിലേക്ക് നയിക്കുന്ന ഒരു ഘടകം മാത്രമാണ് രാസ അസന്തുലിതാവസ്ഥ. സാമൂഹികവും പാരിസ്ഥിതികവും ജനിതകവും ജൈവശാസ്ത്രപരവുമായ ഘടകങ്ങളുടെ സ്വാധിനത്തിൽ നിന്നാണ് അവ പ്രധാനമായും ഉണ്ടാകുന്നത്.

Leave a Comment

Your email address will not be published. Required fields are marked *