നായകളും മനശാസ്ത്രവും

ഓർത്തു വെയ്ക്കാനൊത്തിരി ഓർമ്മകൾ സമ്മാനിച്ച വളർത്തു മൃഗം ഏതെന്ന് ചോദിച്ചാൽ ഉത്തരം പലതുണ്ടാകുമെങ്കിലും, ഭൂരിപക്ഷം തീർച്ചയായും നായയ്ക്കാകും എന്നുറപ്പാണ്‌. നന്ദിയുള്ള ജീവി എന്ന് മനുഷ്യർ ഏറ്റവും അധികം പറയുന്നതും നായയെക്കുറിച്ചാണ്.മലയാളിയെ ഏറ്റവും അധികം സങ്കടക്കടലിലാഴ്ത്തിയ ഒരു കഥയിലെ പ്രധാന കഥാപാത്രം ഒരു പട്ടിയാണ്‌. തകഴിയുടെ വെള്ളപ്പൊക്കം എന്ന കഥ വായിച്ചവരാരും , വെള്ളപ്പൊക്കത്തിൽ രക്ഷപ്പെടാനാകാതെ അതിനിരയായി പോകുന്ന നായയുടെ നിസ്സഹായതയും യജമാനനോടുള്ള കൂറും ഒടുവിൽ അതിന്റെ മരണവും വേദനയും മറക്കാനിടയില്ല.ഇണങ്ങിയാൽ മനുഷ്യരുമായി ഏറ്റവും അടുത്ത ബന്ധം സ്ഥാപിക്കുന്ന ജീവിയാണ്‌ നായ എന്നതിന്‌ ഉദാഹരണം കൂടിയാണ്‌ ഈ കഥ.

            പറഞ്ഞ്‌ വരുന്നത്‌ നായകളുടെ മനശാസ്ത്രത്തെ പറ്റിയാണ്‌.വളരെ ശുദ്ധവും മധുരവുമായ ഒരു ബന്ധം, ഒരിക്കലും അവസാനിക്കാത്ത സൗഹൃദ കഥകളാണ് ഓരോ നായയും സൃഷ്ടിക്കുന്നത്. ആടിയുലയുന്ന വാലുകളോടും ആഹ്ലാദകരമായ സ്വരങ്ങളോടും കൂടിക്ഷീണിച്ച നിങ്ങളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്ന നായകൾ എക്കാലത്തും സന്തോഷദായകമാണ്.ശുദ്ധമായ ആനന്ദത്താൽ തിളങ്ങുന്ന കണ്ണുകൾ നമ്മുടെ ഹൃദയത്തെ സ്‌നേഹത്താൽ നിറയ്ക്കുന്നു. നായയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിൽ കളങ്കപ്പെടാത്ത ഒരു വിശ്വാസമുണ്ട്.വളരെ ശക്തവും ശുദ്ധവും സത്യസന്ധവും വിശ്വസ്തവുമായ ഒരു ബന്ധം. മനുഷ്യനോട് ഏറ്റവും ചേർന്ന് നിൽക്കുകയും ഒരുപക്ഷേ മനുഷ്യകുലം ഇല്ലാതായാൽ നിലനിൽപ്പ് അപകടത്തിൽ ആവാൻ സാധ്യതയുള്ളതുമായ ഒരു ജീവിവർഗ്ഗം കൂടിയാണ് നായ്ക്കൾ.

            അതിപ്രാചീന കാലം മുതൽക്ക് തന്നെ മനുഷ്യനോട് ചേർന്ന് സഹവസിക്കുകയും വേട്ടയാടാൻ സഹായിക്കുകയും ആപത്ഘട്ടങ്ങളിൽ ശത്രുക്കളെ തുരത്താനും ഒക്കെ കൂടെയുണ്ടായിട്ടുണ്ട് ഈ നാൽക്കാലികൾ. എന്നാൽ ആധുനിക സമൂഹത്തിൽ ഈ വളർത്തു നായ്ക്കളെ കൊണ്ടുള്ള ഗുണം മറ്റു ചിലതാണ്. ഒറ്റപ്പെടലിന്റെ, വേദനയുടെ , നൊമ്പരത്തിന്റെ , അഗാധ ഗർത്തങ്ങളിൽ ആഴ്ന്നു പോകുന്ന മനുഷ്യർക്ക് ഈ വളർത്തു നായ്ക്കൾ ഒരു പ്രതിരോധ മരുന്നായി തന്നെ ഫലം ചെയ്യുന്നുണ്ടെന്ന് ആധുനിക പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നമ്മൾ ഈ വളർത്തു മൃഗങ്ങളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ നമ്മുടെ തലച്ചോറിൽ ചില പോസിറ്റീവ് ന്യൂറോ ട്രാൻസ്മിറ്ററുകൾ പുറപ്പെടുവിക്കുകയും അതായത് സെറോട്ടോൺ ഡോപ്പമാൻ തുടങ്ങിയ ഹോർമോണുകൾ നിർമ്മിക്കപ്പെടുക്കയും അതിനാൽ സ്ട്രസ് ഹോർമോൺ ആയ കോർട്ടിസോൺ കുറയുകയും ചെയ്യുന്നു. മാനസിക ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന മനുഷ്യർ ഈ വളർത്തു നായ്ക്കളുമായി സമയം ചെലവഴിക്കുന്നത് ഇത്തരത്തിലുള്ള നേട്ടങ്ങൾ നമ്മിൽ ഉണ്ടാക്കാൻ  സഹായകരമാകുന്നുണ്ട്. പല രാജ്യങ്ങളിലും ഡോഗ് തെറാപ്പി എന്ന പേരിലൊക്കെ ഈ ചികിത്സയെ പ്രോത്സാഹിപ്പിക്കുന്ന സമൂഹം നിലവിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *