ഹോമോഫോബിയ

ലോകപ്രശസ്ത ഫുട്ബോൾ താരം നെയ്മറുടെ മാതാവ്‌ അമ്പത്തിമൂന്ന് വയസ്സുകാരിയാ നദിന സാന്റോസ്‌ ഭർത്താവിൽ നിന്നും വിവാഹമോചനം നേടി ഇരുപത്തി രണ്ട്‌ വയസ്സുള്ള ടിയാഗോയെ വിവാഹം ചെയ്ത വാർത്ത, നെയ്മർ ഫാൻസ്‌ ഏറെയുള്ള മലയാളി സോഷ്യൽ മീഡിയയിൽ ഏറെ അസഹിഷ്ണാലുക്കളെ സ്യഷ്ടിച്ചിരുന്നു. കുറച്ച്‌ നാൾ മുന്നേ മലയാളിയായ ചെമ്പൻ ജോസിന്റെ വിവാഹ വാർത്തയ്ക്ക്‌ താഴെയും അത്തരം അസഹിഷ്ണുക്കളുടെ അഴിഞ്ഞാട്ടം കാണാമായിരുന്നു. സാധാരണ മനുഷ്യരുടെ കാര്യത്തിൽ കപട സദാചാര മനുഷ്യർ ഇത്രയും അസഹിഷ്ണുക്കൾ ആകുമ്പോൾ , അൽപ്പം വ്യത്യസ്തയുള്ളവരുടെ കാര്യത്തിൽ എന്താകും ഈ സമൂഹം സ്വീകരിക്കുന്ന സമീപനം. അതറിയണമെങ്കിൽ കുറച്ച്‌ പിന്നിലോട്ട്‌ പോയി കേരളത്തിൽ ആദ്യമായി വിവാഹിതരായ ട്രാൻസ്‌ ജെൻഡർ ദമ്പതികളായ സൂര്യ- ഇഷാൻ വിവാഹ വാർത്തയുടെ കമന്റ്‌ ബോക്സുകൾ നോക്കണം.അവിടെ സമ്പൂർണ്ണ സാക്ഷരത മലയാളി ഛർദ്ദിച്ച്‌ കൂട്ടിയ സാംക്കാരിക മേന്മ കാണാം .

 ഒരു കാലത്ത് ഉത്തരേന്ത്യയിലൂടെയുള്ള നിരന്തരമായ ട്രയിൻ യാത്രകൾ എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു . വൃത്തിഹീനമായ ട്രയിൻ  ബോഗികളിലൂടെ കയറിയിറങ്ങുന്ന കച്ചവടക്കാരോ , ഭിക്ഷക്കാരോ എന്നെ തെല്ലും അലസോരപെടുത്താറില്ലങ്കിലും നമ്മൾ 9 എന്നും ചാന്തുപൊട്ടൊന്നുമൊക്കെ ഒരു കാലത്ത് കളിയാക്കി വിളിച്ചിരുന്ന ട്രാൻസ്ജെൻഡേഴ്സ് എന്നെ വല്ലാതെ ഭയപെടുത്തിയിരുന്നു. ഒരു പ്രത്യേക താളത്തിൽ കൈകൊട്ടി വന്നു പണം പിരിയ്ക്കുമ്പോൾ ഞാൻ അറപോടും ഭയപാടോടും കൂടി ഒഴിഞ്ഞു മാറിയിരുന്നു.

നമ്മൾ ഇത്രയേറെ വെറുക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടവരാണോ അവർ ?

ബാല്യകാലത്തിലെ അനുഭവങ്ങളാലൊ ,മാതാപിതാകളുടെ തെറ്റായ ശിക്ഷണം കൊണ്ടൊക്കെയാണോ അവർ ഇങ്ങനെയായ് തീരുന്നത്?

ലൈംഗികാഭിമുഖ്യം എന്നത് പ്രധാനമായും 3 രീതിയിലാണുണ്ടാവുക. ഒന്നാമതായ് നമ്മൾ സ്വാഭാവികം എന്ന് കരുതുന്ന എതിർ ലിംഗ ജീവികളോടുള്ള ലൈംഗികാകർഷണമാണ്(straight sex/ heterosexuals). രണ്ടാമത്തേത് സ്വവർഗ്ഗത്തോട് തോന്നുന്ന സ്വവർഗ്ഗ രതി അല്ലങ്കിൽ homosex ഇതിൽ ഉൾപ്പെടുന്നതാണ് Gay and lesbian. മൂന്നാമത്തതാകട്ടെ ഇവ രണ്ടും കൂടിയും കുറഞ്ഞു കലർന്നതാണ് ഉഭയ ലൈംഗികത അഥവാ bisexuals. നമ്മുടെ നിറമോ പൊക്കമോ സ്വന്തം തിരഞ്ഞെടുപ്പുകളല്ലാത്തവ പോലെ തന്നെയാണ് ഈ ലൈംഗിക അഭിരുചികളും. ഇവയൊക്കെ തന്നെ ജനിതകവും ജീവ ശാസ്ത്രപരവുമായ കാരണങ്ങളാൽ സംഭവിക്കുന്നതാണെന്നും അല്ലാതെ ബാല്യ കാലാനുഭവങ്ങളാലൊ, മാതാ പിതാകന്മാരുടെ ശിക്ഷണമില്ലായ്മ കൊണ്ടൊ , മുൻ ജന്മപാപങ്ങൾ കൊണ്ടൊയല്ലയെന്നുമുള്ള തിരിച്ചറിവാണ് സമൂഹത്തിന് വരേണ്ടത് . ഇതൊരു മാനസികമായ പ്രശ്നമോ , അസുഖമോ അല്ലായെന്നും, ചികിത്സിച്ചു മാറ്റേണ്ട രോഗാവസ്ഥയല്ല മറിച്ച് ഇതൊരു സ്വാഭാവിക ലൈംഗിക തൃഷ്ണ മാത്രമാണെന്ന അറിവിലേയ്ക്ക് ലോകം എത്തി ചേർന്നു കഴിഞ്ഞു. ജീവിതം സ്വാതന്ത്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ആഘോഷങ്ങളാകുമ്പോൾ സ്വന്തം ഇണയെ സ്വാതന്ത്യത്തോടെ തിരഞ്ഞെടുക്കുന്ന ഒരു കിനാശ്ശേരി സ്വപ്നം കണ്ടുണരട്ടെ ഇനിയുള്ള പുലരികൾ.

Leave a Comment

Your email address will not be published. Required fields are marked *