ബൈപോളാർ ഡിസോഡർ (Bipolar Disorder) – അറിയേണ്ടതെല്ലാം

ബൈപോളാർ ഡിസോഡർ എന്ന് കേട്ടിട്ടുണ്ടാ നിങ്ങൾ…. വടക്കും നാഥൻ എന്ന മലയാള സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രം കടന്നുപോകുന്ന അവസ്ഥ ഓർമ്മയുണ്ടോ… അതാണ് Manic-Depressive Disorder എന്നറിയപ്പെട്ടിരുന്ന ബൈപോളാർ ഡിസോഡർ.

രോഗത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ തന്നെ രണ്ട് മൂർദ്ധന്യാവസ്ഥകളിലൂടെയാണ് ഒരു ബൈപോളാർ ഡിസോഡറുള്ള രോഗി കടന്നു പോകാറുള്ളത്. Manic Episodes എന്നറിയപ്പെടുന്ന ഉയർന്ന വൈകാരിക ഘട്ടങ്ങളും, Depression എന്ന നിർവികാര താഴ്ച്ചയുമാണ് ഈ രണ്ട് മൂർദ്ധന്യാവസ്ഥകൾ അഥവാ പോളാറുകൾ.

അസാധാരണമായ വർദ്ധിച്ച ഊർജ്ജ നില, അസ്വസ്ഥത, ഉറക്കത്തോടുള്ള താല്പര്യക്കുറവ് എന്നിവ മാനിക് എപിസോഡുകളുടെ സമയത്ത് സാധാരണമാണ്. കണക്കറ്റ് പണം ചെലവഴിക്കുന്നതുൾപ്പെടെ സന്തോഷിക്കാനുള്ള ഒരു തരത്തിലുള്ള ഉപാധികൾക്കും ഈ സമയത്ത് ഇവർ നിബന്ധനകൾ വയ്ക്കാറില്ല.

സ്ഥിരമായ ദുഃഖം, നിരാശ, എല്ലാ പ്രവർത്തനങ്ങളിലുമുള്ള താൽപ്പര്യക്കുറവ്, അല്ലെങ്കിൽ ചെയ്യുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ കഴിയാതിരിക്കുക എന്നിവയാണ് ഡിപ്രഷൻ സമയത്ത് കണ്ടുവരുന്ന പ്രശ്നങ്ങൾ. ക്ഷീണം, വിശപ്പ്, ഉറക്കം എന്നിവ കൃത്യമല്ലാതിരിക്കുക, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ വിഷാദ എപ്പിസോഡുകളിൽ സാധാരണമാണ്.

Cyclothymic disorder എന്നത് ബൈപോളാർ ഡിസോർഡറിന്റെ നേരിയ രൂപമാണ്. ഈ അവസ്ഥയിലും രോഗികൾ ചെറിയ തോതിലുള്ള ഡിപ്രഷൻ-ഹൈപോമാനിയ ഘട്ടങ്ങളിലൂടെ കടന്നു പോകാറുണ്ട്.

മൂഡ് സ്വിങ്സ് എന്ന അവസ്ഥയിലൂടെ രോഗി കടന്നുപോകുന്നതുകൊണ്ട് ലിഥിയം പോലുള്ള Mood-Stabilizers മരുന്നായി ഉപയോഗിച്ചുവരുന്നുണ്ട്. ചികിത്സാ സമയത്ത് മാനിക് ലക്ഷണങ്ങളെ നിയന്ത്രിക്കാൻ രോഗികൾ ആന്റി സൈക്കോട്ടിക് മരുന്നുകളും, വിഷാദരോഗം ഉണ്ടാകുമ്പോൾ ആന്റീഡിപ്രസന്റുകളും ഉപയോഗിച്ച്പോരുന്നു

ബൈപോളാർ ഡിസോർഡർ ഒരു ആജീവനാന്ത അവസ്ഥയാണ്, എന്നാൽ ഫലപ്രദമായ ചികിത്സാ തന്ത്രങ്ങൾ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കും.

ചിട്ടയായ വ്യായാമം, സമീകൃത ആഹാരം, മതിയായ ഉറക്കം എന്നിവ മൂഡ് സ്ഥിരതയ്ക്ക് കാരണമാകും. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടത് പ്രധാനമാണ്, കാരണം ഈ പദാർത്ഥങ്ങൾക്ക് രോഗലക്ഷണങ്ങൾ വർദ്ധിപ്പിക്കാനുള്ള കഴിവുണ്ട്.

അതുകൊണ്ട് പെട്ടെന്ന് ചൂടാവുകയും വേഗം തണുക്കുകയും ചെയ്യുന്ന കൂട്ടുകാരെയൊക്കെ ബൈപോളാർ എന്നു വിളിച്ച് കളിയാക്കാതിരിക്കൂ, എന്നാൽ ഇവിടെ പറഞ്ഞപോലെ തീവ്രമായ അവസ്ഥകളിലൂടെ ഒരു സുഹൃത്ത് കടന്നുപോകുന്നതു കണ്ടാൽ ഒരു കൌൺസിലിങ്ങിന് വിധേയനാകാൻ അയാളോട് ആവശ്യപ്പെടുന്നത് സഹായകരമായേക്കും.

Leave a Comment

Your email address will not be published. Required fields are marked *